കൊച്ചി: നടിയെ ആക്രമിച്ചകേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിചാരണ കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റത്തിനുള്ള ആവശ്യം ഹർജിയായി ഉന്നയിക്കുന്നത്.
ഹൈക്കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തന്നെയാവും സർക്കാർ സുപ്രീം കോടതിയിലും അറിയിക്കുക. 2013ലെ ഭേദഗതി പ്രകാരമുള്ള മാറ്റങ്ങൾക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാന വാദം. കോടതിയിൽ നടിക്ക് നേരിടേണ്ടി വന്നിട്ടുള്ള മറ്റു കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. അക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരിക്കും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക് പോകുന്നത്.
വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടർ രാജി വെച്ചിരുന്നു. വിചാരണ നടക്കുന്ന കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് കാണിച്ചാണ് സർക്കാരും നടിയും ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസിൽ തിങ്കളാഴ്ച്ച മുതൽ വിചാരണ ആരംഭിക്കാനും നിർദ്ദേശിച്ചിരുന്നു.
സർക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഹൈക്കോടതി വിധി വന്നതിന് പിന്നാലെ വിചാരക്കോടതി നടപടികളുമായി മുന്നോട്ട് പോവുകാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കമെന്നാണ് നിർദേശം.
Post Your Comments