കൊല്ലം : ആവശ്യപ്പെട്ട പണം നല്കാത്തതിനാല് പിടിച്ച പാമ്പിനെ വഴിയില്‍ ഉപേക്ഷിച്ച് പാമ്പു പിടുത്തക്കാരന്. പ്രതിഭ ജംക്ഷന് കുന്നേല്‍ മുക്കിനു സമീപത്തെ പുരയിടത്തിലാണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്. മുന്‍ കൗണ്‍സിലറും നാട്ടുകാരും ഉള്ളപ്പോഴാണ് പാമ്പിനെ വഴിയില്‍ ഉപേക്ഷിച്ച് പാമ്പു പിടുത്തക്കാരന് പോയത്. പുരയിടത്തില്‍ രണ്ട് അണലിയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ മുന്‍ കൗണ്‍സിലര്‍ എന്‍.മോഹനനെ വിവരം അറിയിച്ചു.
ഇദ്ദേഹം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നല്കിയ ഫോണ്‍ നമ്പര്‍ പ്രകാരം പാമ്പുപിടിത്തക്കാരനെ വിളിച്ചു. ഇയാള്‍ എത്തി ഒരു പാമ്പിനെ പിടികൂടിച്ചപ്പോഴേക്കും ഒരെണ്ണം രക്ഷപ്പെട്ടു. ഇതിനിടയില്‍ പാമ്പ് പിടിച്ചതിന് 1500 രൂപ വേണമെന്ന് പാമ്പു പിടുത്തക്കാരന് ആവശ്യപ്പെട്ടു. ഇതിനോടകം തന്നെ വണ്ടിക്കൂലിയായി മുന്‍ കൗണ്‍സിലര്‍ 500 രൂപ ഇയാള്‍ക്ക് നല്‍കിയിരുന്നു.
രണ്ട് പാമ്പിനെയും ഒരുമിച്ച് പിടിച്ചാല്‍ 1000 രൂപ നല്‍കാമെന്ന് കൗണ്‍സിലര്‍ പറഞ്ഞെങ്കിലും ഇയാള്‍ക്ക് 1500 രൂപ വേണമെന്ന നിര്‍ബന്ധമായി. അവസാനം പിടികൂടിയ പാമ്പിനെ കുപ്പിയോടെ ഇയാള്‍ സ്ഥലത്ത് ഉപേക്ഷിച്ച് പോകുകയായിരുന്നു. ഇതോടെ കൗണ്‍സിലറും നാട്ടുകാരും കുഴപ്പത്തിലായി. സമീപത്തെ വീട്ടില്‍ നിന്ന് ഒരു ചാക്ക് സംഘടിപ്പിച്ചു ഒടുവില്‍ പാമ്പിനെ കുപ്പിയോടെ ഇതിനുള്ളിലാക്കി വനം വകുപ്പ് ഓഫിസില്‍ എത്തിക്കുകയായിരുന്നു.
Post Your Comments