ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കെടുക്കാം. ഖത്തറിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 25,000 റിയാല്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ 10 വരെയാണ് ലോഗോ സമര്‍പ്പിക്കേണ്ട അവസാന സമയം. സ്വന്തമായി ഡിസൈന്‍ ചെയ്തതായിരിക്കണം ലോഗോ എന്നും നിബന്ധനയുണ്ട്. ഖത്തറില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഏത് ഉല്‍പ്പന്നത്തിനും ലോഗോ ഡിസൈന്‍ ചെയ്യാം. എന്നാല്‍, ലോഗോ ഖത്തറിനെയോ രാജ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും സവിശേഷതയെയോ പ്രതിനിധീകരിക്കുന്നതായിരിക്കണം. മാത്രമല്ല, പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി ആധുനിക ഡിസൈന്‍ സങ്കേതങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതായിരിക്കുകയും വേണം.
അറബിയിലും ഇംഗ്ലീഷിലും ഖത്തരി ഉല്‍പ്പന്നമെന്ന് രേഖപ്പെടുത്തണമെന്നും ലോഗോ സമര്‍പ്പിക്കുമ്പോള്‍ കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലും വേണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ, ഉപയോഗിച്ച കളര്‍ കോഡ് ഏതൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്യണം. വാണിജ്യ- വ്യവസായ മന്ത്രാലയത്തിനായിരിക്കും മത്സരത്തിനായി സമര്‍പ്പിക്കപ്പെടുന്ന എന്‍ട്രികള്‍ക്കു മേലുള്ള അവകാശമെന്ന് സംഘാടകര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് അനുസരിച്ച് ആഭ്യന്തര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുകയും അവയ്ക്ക് മികച്ച വിപണി കണ്ടെത്തുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നത്.
Post Your Comments