ദേശസ്നേഹികൾക്കാർക്കും മരണം വരെ മറക്കാനാകാത്ത ആ കറുത്തദിനങ്ങൾ. വെടിയൊച്ചകൾ നിലയ്ക്കാത്ത ആ കറുത്ത ദിനത്തിന്റെ ഓർമ്മകളിലാണ് ഇന്ന് ഇന്ത്യ. പാക് ഭീകരർ മുംബൈയെ തോക്കിൻമുനയിൽ നിർത്തിയ ആ ദിവസത്തിന്റെ ഓർമയിലാണ് രാജ്യമിന്ന്. ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കരെ, ഉയർന്ന പോലീസുദ്യോഗസ്ഥരായ വിജയ് സലാസ്കർ, അശോക് കാംതെ എന്നിവർ ആക്രമണത്തിൽ വീരമൃത്യു വരിച്ചു. താജ് ഹോട്ടലിൽ നിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു.
ഏറ്റെടുക്കുന്ന പ്രവർത്തികളിൽ വിജയം കാണാതെ മടങ്ങാൻ മേജർ സന്ദീപ് ഒരിക്കലും തയ്യാറായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഓർമിക്കുന്നു. രാജ്യത്തിന് വേണ്ടി മരണം വരെ പോരാടുമെന്ന മനോഭാവത്തിൽ യാതോരു മാറ്റവുമില്ലാതെയായിരുന്നു അദ്ദേഹം 2008ൽ മുംബൈ ആക്രമിക്കാനെത്തിയ ഭീകരരെയും നേരിട്ടത്, സ്വന്തം രാജ്യം തോൽക്കാൻ പാടില്ലെന്ന ഉറപ്പായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. എന്നാൽ, സന്ദീപിന് നൽകേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു.
രാജ്യത്തെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്നു മലയാളിയായ ഈ ചെറുപ്പക്കാരൻ. ബംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിറയെ ഓർമ്മചിത്രങ്ങളും, കുറിപ്പുകളുമാണ്. തന്റെ ജീവൻ നഷ്ടപ്പെട്ടാലും, രാജ്യത്തിനു വേണ്ടി പോരാടാൻ സൈനികർ ഉണ്ടാകണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ആരും അടുത്തേയ്ക്ക് വരരുതെന്നും, ഭീകരരുടെ കാര്യം താൻ നോക്കികൊള്ളാമെന്നുമാണ് അദ്ദേഹം സഹപ്രവർത്തകർക്ക് നൽകിയ അവസാന സന്ദേശം. രാജ്യത്തിന്റെ പ്രിയപുത്രന് 2009 ൽ രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി ആദരിച്ചു.
Post Your Comments