ബീജിംഗ് : ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മാർക്കറ്റിൽ നിന്നും തുടങ്ങിയെന്ന് പറയപ്പെടുന്ന കൊറോണ വൈറസ് മഹാമാരി ലോകത്തെ വിറപ്പിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അന്റാർട്ടിക്ക ഒഴികെ മനുഷ്യ സാന്നിദ്ധ്യമുള്ള ഭൂമിയിലെ എല്ലാ പ്രദേശങ്ങളും കൊറോണ വൈറസിന് മുന്നിൽ വിറച്ചു നിൽക്കുകയാണ്.
എന്നാൽ അതേസമയം, ലോകം മുഴുവൻ കൊറോണ വൈറസിനോട് പോരടിക്കുമ്പോൾ എല്ലാം തുടങ്ങിയ ചൈനയിലാകട്ടെ കാര്യങ്ങളെല്ലാം നിയന്ത്രണാവിധേയമാണ്. എന്നാൽ വെറും അഞ്ച് കൊവിഡ് കേസുകൾ കണ്ടെത്തിയതോടെ വ്യാപനം തടയാനായി പതിനായിരക്കണക്കിന് പേരെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ് ചൈന ഇപ്പോൾ. ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർപോർട്ടിൽ അഞ്ച് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ഷാംഗ്ഹായ് പുടോംഗ് ഇന്റർനാഷണൽ എയർപോർട്ടിലാണ് കൊവിഡ് കേസുകൾ കണ്ടെത്തിയത്. ബീജിംഗിലെ ഡാക്സിൻ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ചൈനയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. കൂടാതെ ലോകത്തെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ 11ാമത്തേതും. അഞ്ച് കേസുകൾ കണ്ടെത്തിയതോടെ ഈ എയർപോർട്ടിൽ നിന്നുള്ള നൂറുകണക്കിന് ഫ്ലൈറ്റുകൾ അധികൃതർ റദ്ദാക്കിയിരിക്കുകയാണ്. കൂടാതെ 17,000ത്തിലേറെ എയർപോർട്ട് ജീവനക്കാരെ ഐസൊലേറ്റ് ചെയ്യുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തു. എയർപോർട്ടിന്റെ കാർഗോ യൂണിറ്റിൽ ജോലി ചെയ്തിരുന്നവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നവംബർ 9നായിരുന്നു ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർന്നാണ് എയർപോർട്ടുമായി ബന്ധപ്പെട്ട എല്ലാവരെയും ഐസൊലേറ്റ് ചെയ്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കഴിഞ്ഞ ഞായറാഴ്ച 277 ഉം ചൊവ്വാഴ്ച 500 ഉം ഫ്ലൈറ്റുകളാണ് റദ്ദാക്കുകയുണ്ടായി. 17,719 എയർപോർട്ട് ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എയർപോർട്ടിൽ തടിച്ചു കൂടി നിൽക്കുന്ന ആളുകളുടെയും അവരെ പുറത്തു കടക്കാൻ അനുവദിക്കാതെ വഴികൾ അടച്ച് നിൽക്കുന്ന പി പി ഇ കിറ്റ് ധരിച്ച സുരക്ഷാ ജീവനക്കാരുടെയും ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രവചിക്കുന്നുണ്ട്.ഇവരെ വീടുകളിലേക്ക് പറഞ്ഞയച്ചോ അതോ സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ ചെയ്തോ എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അതേസമയം, ജീവനക്കാരിൽ ആരോഗ്യ പ്രശ്നങ്ങളോട് കൂടിയവർക്കും മറ്റ് മുൻഗണനാ വിഭാഗത്തിലുള്ളവർക്കും അടിയന്തിരമായി ഉപയോഗിക്കാൻ അനുമതിയുള്ള ചൈനീസ് വാക്സിൻ നൽകുമെന്ന് എയർപോർട്ട് അധികൃതർ അറിയിക്കുകയുണ്ടായി.
Post Your Comments