ചണ്ഡീഗഢ്: കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാമുകി തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം നിർബന്ധിച്ചതിനെ തുടർന്നാണ് യുവാവ് കൊലപാതകം ചെയ്തിരിക്കുന്നത്. കൃത്യത്തിന് ശേഷം ഇയാൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു ഉണ്ടായത്. പഞ്ചാബിലെ മാൻസഖുർദ് സ്വദേശിയായ യുവ്കരൺ സിങ്ങാണ് കാമുകിയായ സിമ്രാൻ (21) ഇവരുടെ മാതാപിതാക്കളായ ചരൺജിത് സിങ് (55) ജസ്വീന്ദർ കൗർ (50) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസമാണ് ചരൺജിത് സിങ്ങിനെയും ഭാര്യയെയും മകളെയും വീട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുണ്ടായത്. രാവിലെ വീട്ടിലെത്തിയ പാൽക്കാരൻ വീട്ടുകാരെ പുറത്തു കാണാത്തതിനാൽ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽക്കാർ പൊലീസിനെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് മൂവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. തലയിൽ വെടിയേറ്റ നിലയിലാണ് മൂവരുടേയും മൃതദേഹം കിടന്നത്.
വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവ്കരൺ സിങ്ങാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് അറിയാൻ കഴിഞ്ഞത്. തുടർന്ന് ഇയാളുടെ വീട്ടിലെത്തിയപ്പോൾ യുവ്കരണിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് ഇയാൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയും പൊലീസ് കണ്ടെടുത്തു. ഇതോടെയാണ് കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം അറിയാൻ കഴിഞ്ഞത്.
സിമ്രാനും യുവ്കരണും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാൻ സിമ്രാൻ യുവ്കരണിനെ നിരന്തരം നിർബന്ധിച്ചു. വിവാഹം കഴിച്ചില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. അതിനിടെ, സിമ്രാൻ മറ്റുചില യുവാക്കളുമായി സംസാരിക്കുന്നതും യുവ്കരണിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സഹോദരന്റെ തോക്ക് ഉപയോഗിച്ചാണ് താൻ കൃത്യം നടത്തുന്നതെന്നും യുവ്കരൺ വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ തന്റെ സഹോദരനോ വീട്ടുകാർക്കോ പങ്കില്ലെന്നും വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുവ്കരണിന്റെ ജന്മദിനമായിരുന്നു ഞായറാഴ്ച. അന്ന് ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുന്നതിനിടെ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് യുവ്കരൺ സിമ്രാന്റെ വീട്ടിലെത്തി മൂവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് സ്വന്തം വീട്ടിൽ തിരിച്ചെത്തിയ യുവാവ് അതേ തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. കൃത്യം നടത്താൻ ഉപയോഗിച്ച തോക്ക് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
Post Your Comments