തിരുവനന്തപുരം: രാജ്യത്ത് സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. എന്നാല്‍ കേരള ഭരണത്തില്‍ തുടക്കം മുതല്‍ പാര്‍ട്ടി ഇടപെടല്‍ സാധ്യമായിരുന്നില്ല. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പല നയങ്ങളിലും വ്യതിചലിച്ചായിരുന്നു ഭരണത്തില്‍ സര്‍ക്കാര്‍ നിലപാട്. കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ തീരുമാനങ്ങള്‍ക്ക് മാത്രമായിരുന്നു കേരളത്തില്‍ പ്രാമുഖ്യം.
മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഈ പക്ഷത്തോടൊപ്പം നിലയുറപ്പിച്ചു. എന്നാലിപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. സ്വര്‍ണക്കടത്ത്, ബംഗളുരു മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങള്‍ വന്നതോടെ കേന്ദ്ര നേതൃത്വം വിശേഷിച്ച് സീതാറാം യെച്ചൂരി തന്നെ ഭരണത്തില്‍ ഇടപെട്ട് തുടങ്ങി. സംസ്ഥാന നേതൃത്വം തന്നിഷ്ടപ്രകാരം വരുത്തിവച്ച വിവാദങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദിയല്ല എന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.
ആദ്യം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞതിലും ഇപ്പോള്‍ പോലീസ് നിയമ ഭേദഗതിയിലും സീതാറാമിന്റെ നിലപാട് നിര്‍ണായകമായി. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കില്ലെന്നു യെച്ചൂരി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ മുന്നണിയിപ്പ് നല്‍കി. ഇതുതന്നെയാണ് പുതിയ നിയമ ഭേദഗതിയില്‍ നിന്നും തൊട്ടടുത്ത ദിവസം തന്നെ പിന്‍മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
പുതിയ നിയമ ഭേദഗതി പുറത്തുവന്നതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ സീതാറാം യെച്ചൂരി നേരിട്ടു വിളിച്ച് തന്റെ അതൃപ്തി അറിയിച്ചിരുന്നു.ഭരണം ബാക്കിയുള്ള അഞ്ച് മാസവും പാര്‍ട്ടി ഇടപെടല്‍ കൃത്യമായി ഉണ്ടാകുമെന്ന സൂചനയും യെച്ചൂരി നല്‍കുന്നുണ്ട്. സംസ്ഥാനത്തുനിന്നുള്ള പിബി അംഗങ്ങളായ എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ ഇനി നിർണ്ണായക ഇടപെടലുകൾ നടത്തുമെന്നാണ് സൂചന.
Post Your Comments