തിരുവനന്തപുരം: ബാർ ഉടമ ബിജു രമേശ് ഉയർത്തിയ കോഴക്കേസിൽ മുൻ മന്ത്രി കെ.എം. മാണിക്കെതിരെ വിജിലൻസിന്റെ പക്കൽ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്നു സ്ഥാനമൊഴിഞ്ഞ മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൻ എം. പോൾ. കെ.എം. മാണിയെ ബാർ കോഴ കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ ബാർ ഉടമ ബിജു രമേശ് നൽകിയ ശബ്ദരേഖ എഡിറ്റ് ചെയ്തതായിരുന്നു. കെ.എം. മാണിയെ ഒഴിവാക്കാനോ കേസ് തള്ളിക്കളയാനോ താൻ ശ്രമിച്ചിട്ടില്ലെന്നും കേസ് അട്ടിമറിക്കാൻ താൻ ശ്രമിച്ചെന്നുമുള്ള തെറ്റായ പ്രചാരണം ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങളെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു തുടരേണ്ടെന്ന് തീരുമാനിച്ചത്. രാഷ്ട്രീയമായി അതിനെ വിവാദമാക്കി. രാഷ്ട്രീയപരമായി അതു ദുർവ്യാഖ്യാനം ചെയ്തു എന്നു പറയുന്നതാകും ശരിയെന്നും വിൻസൻ എം. പോൾപ്രതികരിച്ചു.
”മാണിക്കെതിരായ കേസിൽ ഫയൽ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാൻ ആരും താൽപര്യം കാണിച്ചിട്ടില്ല. ബാർ കേസിൽ തെളിവില്ലെന്ന തന്റെ നിലപാടിൽ നിന്നു ഒരു പടി മുന്നോട്ടുപോകാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചിട്ടില്ല.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും, മുൻ മന്ത്രി കെ. ബാബുവിനും എതിരെയുള്ള വെളിപ്പെടുത്തലുകളെ തുടർന്ന് ഇടതു സർക്കാർ ഇപ്പോൾ സ്വീകരിച്ച നിലപാടിനെക്കുറിച്ച് ഒന്നും പറയാനില്ല.” വിൻസൻ എം. പോൾ പറഞ്ഞു.
Post Your Comments