തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സർക്കാരും സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്‌മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണ് ഫീസ് വർദ്ധനവിന് കാരണമായതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ ഹൈക്കോടതിയിൽ മനപൂർവ്വം തോറ്റുകൊടുക്കുകയായിരുന്നു. ജസ്റ്റിസ് രാജേന്ദ്ര ബാബു സമിതി നിശ്ചയിച്ച ഫീസിനെതിരെ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ കാണിച്ച അലംഭാവമാണ് കേസ് തോൽക്കാൻ കാരണമായതെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. 6.22 ലക്ഷം മുതൽ 7.65 ലക്ഷം വരെയുള്ള വാർഷിക ഫീസ് 11 ലക്ഷം മുതൽ 22 ലക്ഷം വരെ ആക്കി വിജ്ഞാപനം പുറപ്പെടുവിക്കാനുളള അനുമതി ഹൈക്കോടതിയിൽ നിന്ന് നേടാൻ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് സർക്കാർ കൂട്ടുനിൽക്കുകയായിരുന്നു.
രാജേന്ദ്ര ബാബു കമ്മീഷൻ റിപ്പോർട്ട് അട്ടിമറിച്ച് നിലവിലുള്ള ഫീസ് നിരക്കിൽ നിന്ന് മൂന്നിരട്ടി കൂടുതൽ വേണമെന്ന മാനേജ്‌മെന്റുകളുടെ ഇംഗിതത്തിന് സർക്കാർ വഴങ്ങിക്കൊടുത്തു. ഇത് വിദ്യാർത്ഥികളെ ഒറ്റുകൊടുക്കലാണ്. പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കേണ്ടായെന്ന നിലപാടാണ് പിണറായി സർക്കാരിനുള്ളത്. സുപ്രീംകോടതിയിൽ എങ്കിലും വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ഹൈക്കോടതിയുടെ ഇടക്കാല വിധി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments