KeralaLatest NewsNews

കെഫോണ്‍ വിഷയത്തില്‍ സിഎജിക്കൊപ്പമാണോ പ്രതിപക്ഷ നേതാവും യുഡിഎഫും ; ഉമ്മാക്കി കാട്ടി വിരട്ടാന്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവും കൂട്ടരും കൂടെനിന്ന് തുള്ളാന്‍ നടക്കരുതെന്ന് തോമസ് ഐസക്

തിരുവനന്തപുരം : കെഫോണ്‍ വിഷയത്തില്‍ പ്രതിപക്ഷവും യുഡിഎഫും സിഎജിക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കെ-ഫോണിനെതിരെ കോണ്‍ഗ്രസും ബിജെപിയും തുടരെ അഴിമതി ആരോപണങ്ങള്‍ പടച്ചുവിടുകയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.

കെഫോണിനെതിരെയുള്ള നിലപാട് ഒരിക്കലും പ്രതിപക്ഷം മറച്ചുവെച്ചിട്ടില്ലെന്നും ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നിരിക്കെ എന്തിനാണ് കെ-ഫോണ്‍ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചത് നിയമസഭയിലാണെന്നും തോമസ് ഐസക് ഓര്‍മിപ്പിച്ചു. എന്നാല്‍ എന്താണ് കെഫോണ്‍ എന്നും എന്തിനാണ് ഇവര്‍ കെഫോണിനെ എതിര്‍ക്കുന്നത് എന്നുമുള്ള രണ്ട് ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരവും മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

കെഫോണ്‍എന്താണെന്നും ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഐസക് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. മാത്രവുമല്ല കെഫോണ്‍ പദ്ധതി ഉണ്ടാകാനിടയായ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കെ ഫോണുമായി ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരമായാണ് മന്ത്രി തന്റെ കുറിപ്പിലൂടെ വിശദമായ മറുപടി നല്‍കിയിരിക്കുന്നത്.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കെഫോണിനെതിരെയുള്ള നിലപാട് ഒരിക്കലും പ്രതിപക്ഷം മറച്ചുവെച്ചിട്ടില്ല. ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നിരിക്കെ എന്തിനാണ് കെ-ഫോണ്‍ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചത് നിയമസഭയിലാണ്.
കെഫോണ്‍ ആവശ്യമില്ല എന്ന നിലപാട് തുറന്നു പറയുന്നതില്‍ ഒരു മടിയും അവര്‍ കാണിച്ചിട്ടില്ല കെ-ഫോണിനെതിരെ കോണ്‍ഗ്രസും ബിജെപിയും തുടരെ അഴിമതി ആരോപണങ്ങള്‍ പടച്ചുവിടാനും തുടങ്ങി.
എന്താണ് കെ-ഫോണ്‍? എന്തിനാണ് ഇവ കെഫോണിനെ എതിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം വേണം. കെഫോണ്‍ എന്നത് ഇന്റര്‍നെറ്റ് ബാക്ക്‌ബോണ്‍ ആണ്. ഒരു വലിയ ഇന്‍ഫര്‍മേഷന്‍ ഹൈവേ. നാടിന്റെ മുക്കിലും മൂലയിലും തടസ്സമില്ലാതെ നല്ല വേഗതയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടാക്കുന്ന സംവിധാനം.
ഇതൊരു ക്രിറ്റിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറാണ്. എല്ലാ മുക്കിലും മൂലയിലും നല്ല വേഗതയില്‍ (10 MBPS മുതല്‍ 1 GBPS വരെ) ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ കേബിള്‍ ശൃംഖലാ മര്‍മ്മങ്ങളും സ്ഥാപിക്കുകയാണ് കെ-ഫോണ്‍ ചെയ്യുന്നത്.
ഇങ്ങനെ സ്ഥാപിക്കുന്ന കേബിളിലൂടെ ഏത് സര്‍വ്വീസ് പ്രൊവൈഡറുടെ സേവനവും ലഭ്യമാകും. അവര്‍ ഈ കേബിള്‍ സൗകര്യം വാടക കൊടുത്ത് എടുക്കണം. നല്ല കാശ് മുടക്കുള്ള ഏര്‍പ്പാടാണിത്. എല്ലാ മുക്കിലും മൂലയിലും എത്തിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് താല്‍പ്പര്യമുണ്ടാവില്ല.
രണ്ടാമത്തെ കാര്യം മുപ്പതിനായിരത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏതാണ്ട് 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഈ ശൃംഖല വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനാണ് കെ-ഫോണ്‍ ലക്ഷ്യംവയ്ക്കുന്നത്.
ഇതിനുള്ള വിപുലമായ കേബിള്‍ ശൃംഖല ഉണ്ടാക്കിക്കൊണ്ടല്ലാതെ സാര്‍വ്വത്രിക ഇന്റര്‍നെറ്റ് അവകാശം പ്രാവര്‍ത്തികമാക്കാനാവില്ല. ഈ കേബിള്‍ ശൃംഖലയുണ്ടെങ്കില്‍ സ്വകാര്യ ഏജന്‍സികളും ഇന്റര്‍നെറ്റ് സേവനം ഇതുവഴി എവിടെയും എത്തിക്കും.
ലളിതമായ ഒരു ഉദാഹരണം പറയാം. നല്ല ബസ് വാങ്ങി സര്‍വ്വീസ് നടത്താന്‍ മുതലാളിമാര്‍ പണം മുടക്കും. എന്നാല്‍ അത് ഓടാന്‍ റോഡ് വേണ്ടേ? മുതലാളിമാര്‍ മുക്കിലും മൂലയിലേയ്ക്കും റോഡ് പണിയില്ല. ക്രിറ്റിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ പൊതുമുതല്‍ മുടക്കേ സാധ്യമാകൂ. അതേ നീതിയുക്തമായി സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സഹായകരമാകൂ. ഇതുതന്നെയാണ് കെ-ഫോണും ചെയ്യുന്നത്.
കെ-ഫോണ്‍ ശൃംഖല ഒരു വലിയ ഇന്‍ഫോര്‍മേഷന്‍ ഹൈവേയാണ്. അതിലൂടെ ഏത് സേവനദാതാവിന്റെ സേവനവും എത്തിക്കാനാവും.
ഭാവി കേരളത്തിന്റെ നട്ടെല്ലായി മാറുന്ന ഇത്തരമൊരു പശ്ചാത്തലസൗകര്യ സൃഷ്ടിയെയാണ് ആവശ്യമുണ്ടോയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് എതിര്‍ക്കാന്‍ നില്‍ക്കുന്നത്. ഈയൊരു ആശയത്തിന് ഒരു ചരിത്രമുണ്ട്. 2012ല്‍ നാഷണല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റു്വര്‍ക്ക് എന്ന പരിപാടി കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണ്. പിന്നീട് അത് ഭാരത് നെറ്റുവര്‍ക്കായി. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനവുമെടുത്തു.
2015 ജൂലൈ 16ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം നിര്‍വഹണ രീതിയും തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു എസ്പിവി രൂപീകരിക്കാന്‍ തീരുമാനിച്ചു.
കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തോട് സുതാര്യമായ പ്രക്രിയയില്‍ ഒരു കണ്‍സള്‍ട്ടന്റിനെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചതും ഈ കമ്മിറ്റി തന്നെ. തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സിക്കു വേണ്ടി 2016 ജനുവരിയില്‍ ടെണ്ടറും ക്ഷണിച്ചു. ടെണ്ടര്‍ ഫൈനലൈസ് ചെയ്ത് പിഡബ്ല്യുസിക്ക് കരാര്‍ നല്‍കിയത് 2016 ജൂണ്‍ മാസം.
പ്രൈസ് വാട്ടര്‍ കൂപ്പര്‍ ഹൗസിന് കണ്‍സള്‍ട്ടന്‍സി നല്‍കിയത് ദുരൂഹമാണ് എന്നൊക്കെ വലിയ വായില്‍ ആരോപിക്കുമ്പോള്‍ ഈ ദിവസങ്ങളൊക്കെ ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
കണ്‍സള്‍ട്ടന്‍സിക്ക് തീരുമാനമെടുത്തതും ടെണ്ടര്‍ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയതും ടെണ്ടര്‍ വിളിച്ചതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. 2016 മെയ് അവസാനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റത്. ജൂണില്‍ വര്‍ക്ക് അവാര്‍ഡ് ചെയ്തത് നേരത്തെയുള്ള ടെണ്ടര്‍ നടപടികളുടെ സ്വാഭാവികമായ പരിണിതിയാണ്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തവര്‍ക്ക് കരാര്‍ നല്‍കി.
പക്ഷെ, കേന്ദ്രസര്‍ക്കാര്‍ ഇതിനു പണം നല്‍കില്ലായെന്നത് അതിനോടകം വ്യക്തമായി. ഒരു ബദല്‍മാര്‍ഗ്ഗവും യുഡിഎഫിന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, അവരുടേത് കേന്ദ്രസര്‍ക്കാര്‍ പരിപാടിയുടെ ഒരു പകര്‍പ്പ് മാത്രമായിരുന്നുതാനും. ആര് എങ്ങനെ നടത്തും പണം എവിടെനിന്നും കണ്ടെത്തും എന്നൊന്നും ഒരു വ്യക്തതയും ഇല്ലാത്ത സ്ഥിതി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് കെ-ഫോണ്‍ സംബന്ധിച്ച് വ്യക്തമായ ചിത്രം മുന്നോട്ടുവച്ചത്. 1000 കോടി രൂപ കിഫ്ബി മുഖാന്തിരം നല്‍കുമെന്നു പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും സര്‍ക്കാര്‍തലത്തില്‍ തീരുമാനമായി.
കെഎസ്ഇബിക്കും, കേരള സ്റ്റേറ്റ് ഐറ്റി ഇന്‍ഫ്രാസ്ട്രാക്ച്ചര്‍ ലിമിറ്റഡിനും 49 ശതമാനം വീതം ഷെയറും 2 ശതമാനം സര്‍ക്കാര്‍ ഓഹരിയുമുള്ള ഒരു എസ്പിവി രൂപീകരിച്ചു. നേരത്തെ ടെണ്ടര്‍ ചെയ്ത് ഏല്‍പ്പിച്ച പിഡബ്ല്യുസി പദ്ധതിയുടെ വിശദരേഖ തയ്യാറാക്കി സമര്‍പ്പിച്ചു. പരിശോധനകള്‍ക്കുശേഷം കിഫ്ബി ബോര്‍ഡ് 70 ശതമാനം ക്യാപ്പിറ്റല്‍ കോസ്റ്റ് വായ്പയായി നല്‍കാന്‍ തീരുമാനിച്ചു.
ടെണ്ടര്‍ ഘട്ടമെത്തിയപ്പോള്‍ അടുത്ത ഏഴു കൊല്ലത്തേയ്ക്കുള്ള പരിപാലനചെലവും നടത്തിപ്പുചെലവും കൂട്ടിച്ചേര്‍ത്ത് ടെണ്ടര്‍ ചെയ്യാന്‍വിധമാണ് സാങ്കേതികാനുമതി നല്‍കിയത്. ഈ വ്യതിയാനം പിന്നീട് സര്‍ക്കാര്‍ അംഗീകരിക്കുകയും കിഫ്ബി ബോര്‍ഡിന്റെ അനുവാദം കൊടുക്കുകയും ചെയ്തു.
ടെണ്ടറില്‍ പങ്കെടുത്ത മൂന്നു കമ്പനികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ്. അവരുടെ സാങ്കേതികത്തികവും സാമ്പത്തികക്ഷമതയും എല്ലാം പരിശോധിച്ചത്
എന്‍ഐറ്റി, ഐഐഎം, എന്‍ഐസി, സി-ഡാക്, കേന്ദ്ര ടെലികോം വകുപ്പ് എന്നിവയിലെ സാങ്കേതികവിദഗ്ധരും കെഎസ്ഇബി, കേരള സ്റ്റേറ്റ് ഐറ്റി ഇന്‍ഫ്രാസ്ട്രാക്ച്ചര്‍ ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികളുമടങ്ങുന്ന വിദഗ്ധ സാങ്കേതിക സമിതിയാണ്. ഇതുസംബന്ധമായ അന്തിമ തീരുമാനമെടുത്തത് 2019 ജൂണ്‍ 7നു ചേര്‍ന്ന ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഡിപ്പാര്‍ട്ട്‌മെന്റ് പര്‍ച്ചേയ്‌സ് കമ്മിറ്റിയാണ്.
ഈ വിധം നടപടിക്രമങ്ങള്‍ പാലിച്ച് നടപ്പിലാക്കുന്ന ഈ ക്രിറ്റിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ടിനെക്കുറിച്ചാണ് പ്രതിപക്ഷ നേതാവിന്റെ ഈ കാടുംപടലും തല്ലല്‍ നടക്കുന്നത്.
കിഫ്ബി സഹായം നല്‍കുന്ന പദ്ധതികള്‍ രണ്ടുവിധമുണ്ട്. ഒന്ന്, പണം തിരികെ കിട്ടാത്തവ. 25 ശതമാനം പദ്ധതികള്‍ റവന്യു ജനറേറ്റിംഗ് പദ്ധതികളാണ്. ഇതാണ് രണ്ടാമത്തെ സ്ട്രീം. കെ-ഫോണ്‍ അതിന്റെ ഭാവി വരുമാനത്തില്‍ നിന്ന് കിഫ്ബിക്ക് പണം തിരിച്ചടയ്ക്കണം.
മൂന്നുവര്‍ഷം തിരിച്ചടവിന് അവധിയുണ്ട്. അതുകഴിഞ്ഞാല്‍ പ്രതിവര്‍ഷം ഏതാണ്ട് 117 കോടി രൂപ വച്ച് 12 വര്‍ഷം തിരിച്ചടവ് നടത്തണം.
ഇതിന് അവര്‍ക്ക് വരുമാനം എവിടുന്നാണ്? ഈ കേബിള്‍ ശൃംഖല സര്‍ക്കാരിനും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഡാറ്റാ കമ്പനികള്‍ക്കും കേബിള്‍ ടിവിക്കാര്‍ക്കും എല്ലാം കൊടുക്കുമ്പോള്‍ കിട്ടുന്ന പാട്ടത്തുക. ഇതാണ് ഈ മോഡല്‍.
ഇനി പ്രതിപക്ഷ നേതാവ് പറയുക ഇത് നടത്തേണ്ടതില്ലായെന്ന് പറയുന്ന സി&ഏജിയുടെ വാദങ്ങള്‍ക്കൊപ്പമാണോ അങ്ങും യുഡിഎഫും നിലകൊള്ളുന്നതെന്ന്? ഇന്റര്‍നെറ്റ് എന്ന ജനങ്ങളുടെ അവകാശം ലംഘിക്കാനാണോ കോണ്‍ഗ്രസും യുഡിഎഫും നിലനില്‍ക്കുന്നതെന്ന്?
ഈ പദ്ധതിയെക്കുറിച്ചാണ് ഇഡി അന്വേഷണമെന്നും പറഞ്ഞ് വിരട്ടാന്‍ നടക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രണ്ട് നിയമങ്ങള്‍ പ്രകാരമുള്ള അധികാരങ്ങളേയുള്ളൂ. കള്ളപ്പണം വെളിപ്പിക്കുന്നതിന് എതിരായിട്ടുള്ള നിയമപ്രകാരവും വിദേശനാണയ വിനിമയ നിയന്ത്രണ നിയമവും.
ഇവിടെ നോക്കൂ – പണം നല്‍കുന്നത് കിഫ്ബി. അതൊരു സര്‍ക്കാര്‍ സ്ഥാപനം. ഇത് കൊടുക്കാന്‍വേണ്ട പണം കിഫ്ബിക്ക് കിട്ടിയത് നബാര്‍ഡില്‍ നിന്ന്. തികയാത്ത പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍.
ഇവരില്‍ ആരാണ് കള്ളപ്പണം വെളുപ്പിക്കാന്‍ നടക്കുന്നത്? ഇനി പണം കിട്ടുന്നത് ആര്‍ക്കാണ്? ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്. പണത്തിന്റെ വരവും വ്യക്തം ചെലവും വ്യക്തം. ഈ ഉമ്മാക്കി കാട്ടി വിരട്ടാന്‍ വരുമ്പോള്‍ കൂടെനിന്ന് തുള്ളാന്‍ നടക്കരുത് പ്രതിപക്ഷ നേതാവും കൂട്ടരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button