തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിക്കുകയുണ്ടായി. കേസിൽ നിയമ നടപടി വേണ്ടെന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമനടപടികൾ ആലോചിച്ചുവരുകയാണ്. നാട്ടിലെ ചില മുതലാളികൾക്ക് മാത്രമേ വിമാനത്താവളം സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിൽ അസ്വസ്ഥത ഉണ്ടാകൂ എന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിട്ട് ഒരു മാസത്തോളമായിരിക്കുകയാണ്. വിമനാത്താവളം അദാനിക്ക് വിട്ടു നൽകുന്നതിനെതിരെ തുടക്കം മുതൽ കടുത്ത എതിർപ്പുയർത്തിയ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിക്കാത്തത്, നിയമപാതയിൽ സർക്കാരിന് അനുകൂലമായി വിധി വരില്ലെന്ന നിയമോപദേശത്തിന്റെ കൂടി സാഹചര്യത്തിലാണെന്ന് നേരത്തെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനസർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതടക്കം സർക്കാർ വാദങ്ങൾ ഹൈക്കോടതി അംഗീകരിക്കുകയുണ്ടായില്ല. ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്. സുപ്രീം കോടതിയിൽ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. സർക്കാരിന്റെ നീക്കം അറിഞ്ഞിട്ട് അപ്പീലിനെക്കുറിച്ച് ആലോചിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള വിമാനത്താവള ആക്ഷൻ കൗൺലിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ വിമാനത്താവള സ്വകാര്യവത്ക്കരണം സിപിഎമ്മും ബിജെപിയും പ്രധാന രാഷ്ട്രീയ വിഷയമാക്കുമ്പോഴാണ് സർക്കാർ നിയമപോരാട്ടത്തിൽ നിന്ന് പിൻവാങ്ങുന്നത്.
Post Your Comments