ന്യൂഡല്‍ഹി: സി.എ.എ വിരുദ്ധ പ്രക്ഷോഭ നേതാവിന്റെ ചിത്രം മതിലില്‍ വരച്ചതിനെ തുടർന്ന് അഞ്ചുപേര്‍ അറസ്റ്റില്‍. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. സി.എ.എ ആക്ടിവിസ്റ്റ് അഖില്‍ ഗൊഗോയ്യുടെ ചിത്രം അങ്ക ആര്‍ട്സ് കലക്ടീവ് സംഘത്തിലെ ചിത്രകാരന്‍മാരാണ് വരച്ചത്. മതിലില്‍ വരച്ച ചിത്രം പോലീസ് സാന്നിധ്യത്തില്‍തന്നെ മായ്പ്പിച്ചുവെന്നും ചിത്രകാരന്‍മാര്‍ ആരോപിച്ചു.
2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനിടെ അഖില്‍ ഗൊഗോയ് അറസ്റ്റിലാകുന്നത്. ഇപ്പോഴും ജയിലില്‍ കഴിയുകയാണ് അദ്ദേഹം. ക്രിഷക് മുക്തി സങ്കരം സമിതി നേതാവ് കൂടിയായ അഖില്‍ ഗൊഗോയെ സി.എ.എക്കെതിരായ അക്രമാസക്തമായ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ജയിലില്‍ അടച്ചിരിക്കുന്നത്. പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Read Also: കോവാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം ഇന്ന്; ആദ്യ വാക്‌സിൻ ആരോഗ്യമന്ത്രിക്ക്
എന്നാൽ പൊതുസ്ഥലത്ത് ചിത്രം വരയ്ക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് പറഞ്ഞാണ് പോലീസ് നടപടി. ദ്രുബജിത് ശര്‍മ, രാഹുല്‍ ലഹോന്‍, കുല്‍ദീപ് ശര്‍മ, ബുള്‍ബുള്‍ ദാസ്, കോളജ് വിദ്യാര്‍ഥിയായ പ്രഞ്ജാല്‍ കലിത എന്നിവരാണ് അറസ്റ്റിലായത്. ബസിസ്ത പോലീസ് സ്റ്റേഷനില്‍ മൂന്നുമണിക്കൂറോളം ഇവരെ പിടിച്ചുവെച്ച ശേഷം പിന്നീട് വിട്ടയച്ചു.
‘2019 ഡിസംബറില്‍ അഖില്‍ ഗൊഗോയ്യെ അറസ്റ്റ് ചെയ്തതിലും അനധികൃതമായി ജയില്‍ അടച്ചിരിക്കുന്നതിനുമെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് മതിലില്‍ ചിത്രം വരച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാറിന്റെ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ചിത്രം വരയ്ക്കാനാണ് തീരുമാനം. ജനാധിപത്യത്തിനുവേണ്ടി ശക്തമായ ശബ്ദം ഉയര്‍ത്തുകയും വേണം’ -ചിത്രകാരില്‍ ഒരാളായ ദ്രുബജിത് ശര്‍മ ദേശീയമാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
Post Your Comments