ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 46കാരനായ വ്യവസായിയെ കാമുകിയുടെ പ്രതിശ്രുത വരൻ കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി ട്രെയിനിൽ കൊണ്ടുപോയി ഗുജറാത്തിലെ ഭറൂച്ചിൽ ഉപേക്ഷിച്ചു. മോഡൽ ടൗണിൽ താമസിക്കുന്ന നീരജ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് ജീവനക്കാരിയായ യുവതിയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നു. യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചിരുന്നു. ഈ വിവാഹത്തെ നീരജ് ഗുപ്ത എതിർത്തു. ഇതാണ് കൊലയ്ക്ക് കാരണം. നവംബർ 13നാണ് കൊലപാതകം നടന്നത്.
എന്നാൽ നവംബർ 13ന് ഡൽഹിയിലെ യുവതിയുടെ വീട്ടിൽവെച്ച് യുവതിയും യുവതിയുടെ അമ്മയും പ്രതിശ്രുത വരനും കൊല്ലപ്പെട്ട നീരജ് ഗുപ്തയും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ യുവതിയുടെ പ്രതിശ്രുത വരൻ നീരജ് ഗുപ്തയെ തലയ്ക്കടിച്ച് വീഴുത്തുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം കഴുത്തറുക്കുകയും ചെയ്തു. യുവതിയുടെയും അമ്മയുടെയും സഹായത്തോടെയാണ് മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫൈസൽ(29), അമ്മ ഷഹീൻനാസ്(45), പ്രതിശ്രുത വരൻ ജൂബർ(28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: ശീമാട്ടി ഭൂമി ഏറ്റെടുത്തു; എംജി രാജമാണിക്യത്തിനെതിരെ സർക്കാർ
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിലെ കേവാൽ പാർക്കിൽ നിന്ന് ഗുപ്തയെ കാണാതായതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ഗുപ്തയെ കാണാതായതിന് പിന്നിൽ ഫൈസലിനെ സംശയമുണ്ടെന്ന് ഗുപ്തയുടെ ഭാര്യ മൊഴി നൽകിയിരുന്നു. ഇരുവരും തമ്മിൽ ദീർഘകാലമായി ബന്ധമുണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇവരുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. പത്ത് വർഷത്തോളമായി ഗുപ്തയുമായി ബന്ധത്തിലാണെന്ന് ചോദ്യം ചെയ്യലിൽ ഫൈസൽ പറഞ്ഞു.
എന്നാൽ വീട്ടുകാർ ജൂബറുമായി വീട്ടുകാർ വിവാഹം നിശ്ചയിച്ചതോടെ ഗുപ്ത ഇതിൽ നിന്ന് പിന്മാറാൻ തന്നെ നിർബന്ധിച്ചതായി ഫൈസൽ പറഞ്ഞു. ഇതിനെ തുടർന്നാണ് വീട്ടിലെത്തി വഴക്കിട്ടത്. ഇതിനിടെ ഗുപ്ത ഫൈസലിനെ പിടിച്ചു തള്ളി. അപ്പോഴാണ് ജൂബർ ഗുപ്തയെ കൊലപ്പെടുത്തിയത്- ഫൈസൽ പൊലീസിനോട് വ്യക്തമാക്കി. റെയിൽവേ പാൻട്രി ജീവനക്കാരനായ ജൂബർ മൃതദേഹം സ്യൂട്ട് കേസിലാക്കി ടാക്സിയിൽ നിസാമുദീൻ റെയിൽവേ സ്റ്റേഷനിലെത്തി രാജധാനി എക്സ്പ്രസിൽ മൃതദേഹം ബറൂച്ചിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും കല്ലും കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments