കോഴിക്കോട് : കിഫ്ബിയും സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സമർപ്പിച്ച അന്തിമ റിപ്പോർട്ട് വിവരങ്ങൾ പുറത്താക്കിയ തോമസ് ഐസക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് സുരേന്ദ്രൻ്റെ ആരോപണം. അതുകൊണ്ട് തന്നെ മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും സുരേന്ദ്രൻ പറയുന്നു.
ഗവർണർ വഴി നിയമസഭയിൽ വെക്കേണ്ട റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത ധനമന്ത്രി രാജിവെക്കണം. തന്റെ അഴിമതി മറച്ചുവെക്കാൻ സത്യപ്രതിജ്ഞാലംഘനമാണ് അദ്ദേഹം നടത്തിയത്. നിയമസഭയിൽ പറയേണ്ട കാര്യങ്ങൾ പുറത്ത് എത്തിച്ചത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള നിയമലംഘനമാണ്. സി.എ.ജിയുടെ യഥാർത്ഥ റിപ്പോർട്ടാണ് പുറത്ത് വന്നതെന്ന് സമ്മതിച്ച ഐസക്ക് എന്തിന് വേണ്ടിയായിരുന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്ന് വ്യക്തമാക്കണം.
കിഫ്ബി പദ്ധതി സ്റ്റാറ്റ്യൂട്ടറി ബോഡി അല്ല രാജ്യത്ത് നിക്ഷേപം കൊണ്ടുവരാനുള്ള കോർപ്പറ്റീവ് ബോഡിയാണെന്നാണ് മന്ത്രി പറയുന്നത്. ഡീസൽ- പെട്രോൾ സെസും ട്രാൻസ്പോർട്ട് നികുതിയും ജനങ്ങളിൽ നിന്നും ഈടാക്കുന്നത് കിഫ്ബിയുടെ വായ്പ്പ തിരിച്ചടയ്ക്കാൻ ആണെന്നിരിക്കെ ജനങ്ങളെ ബാധിക്കില്ലെന്ന് പറയുന്നത് എങ്ങനെയാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
കിഫ്ബിയുടെ വായ്പ്പ അടയ്ക്കാൻ 600O കോടി ജനങ്ങളിൽ നിന്നും ഈടാക്കി കഴിഞ്ഞു. ജനങ്ങളുടേ മേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. വിദേശ രാജ്യത്ത് നിന്നും പണം വാങ്ങാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി വേണം. 6 ശതമാനം പലിശക്ക് ആഭ്യന്തരമായി വായ്പ്പ കിട്ടുമെന്ന സ്ഥിതിക്ക് 9.37 ശതമാനം പലിശയ്ക്ക് വായ്പ്പ എടുക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ടെണ്ടർ നടപടികൾ ഒന്നും പാലിക്കാതെ എല്ലാ നിബന്ധനകളും ലംഘിക്കുന്നതാണ് കിഫ്ബിയുടെ പ്രവർത്തനം. കിഫ്ബിയുടെ മറവിൽ വ്യാപകമായ അഴിമതി നടത്തിയ തോമസ് ഐസക്കിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments