മധ്യപ്രദേശ്: ‘ആട് മോഷ്ടാക്കളുടെ’ ആക്രമണത്തിൽ പന്ത്രണ്ടുകാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മധ്യപ്രദേശിൽ നാല് പേർ അറസ്റ്റിൽ. ആടിനെ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചതാണ് കൊലപാതകത്തിന് കാരണം. മധ്യപ്രദേശിലെ ശ്യാംഖഡ് പോലീസ് സ്റ്റേഷൻ പരിതിയിലുള്ള ദാബ്ലയിലാണ് സംഭവം നടന്നത്. നവംബർ 11 ന് ആടുകളുമായി അടുത്ത കാട്ടിലേക്ക് പോയതായിരുന്നു 12 വയസ്സുള്ള കല്ലു എന്ന ആൺകുട്ടി. ഇവിടെ വെച്ച് തന്റെ ആടുകളിൽ ഒന്നിനെ ഒരാൾ കടത്തിക്കൊണ്ടുപോകുന്നതായി കല്ലുവിന്റെ ശ്രദ്ധയിൽപെട്ടു. ഇത് ചോദ്യം ചെയ്തതാണ് 12 കാരന്റെ കൊലപാതകത്തിൽ കലാശിച്ചത്.
Read Also: ആട് കയറി വിളവ് തിന്നു; യുവാവിന്റെ വെട്ടേറ്റ് ബിജെപി നേതാവ് മരിച്ചു, സംഘര്‍ഷം
സംഭവത്തിൽ ചോദ്യം ചെയ്തതിനെ തുടർന്ന് കുട്ടിയെ സഞ്ജയ് മേഘ്വാൽ(21) ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തു ഞെരിക്കുകയും വലിയ കല്ല് ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. തുടർന്നാണ് മരണം സംഭവിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും പൊലീസ് വലിയ കല്ല് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പന്ത്രണ്ടുകാരന്റെ അതേ ഗ്രാമത്തിലുള്ളയാളാണ് സഞ്ജയ് മേഘ്വാൽ. ഇയാളാണ് കേസിലെ പ്രധാന പ്രതി. ഇയാൾക്കൊപ്പം നിർമൽ മേഘ്വാൽ(35) എന്നയാളുമുണ്ടായിരുന്നു. ആക്രമണത്തിന് മുമ്പ് തന്നെ ഇവർ കുട്ടിയെ പിന്തുടർന്നിരുന്നതായാണ് പോലീസ് പറയുന്നത്.
എന്നാൽ കൊലപാതകത്തിന് ശേഷം ഇരുവരും മോഷ്ടിച്ച ആടുമായി രാജസ്ഥാനിലെ ഗൗലാന ഗ്രാമത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെയുള്ള രാജേന്ദ്ര ഖട്ടീക്കിന് അടുത്തേക്കാണ് ഇരുവരും രക്ഷപ്പെട്ടത്. ഇവരെ ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയേയും പിടികൂടിയിട്ടുണ്ട്. രാജേന്ദ്ര ഖട്ടീക്കും രക്ഷപ്പെടാൻ സഹായിച്ച കുട്ടിയും അടക്കം നാല് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മോഷ്ടിച്ച ആടിനെ രാജസ്ഥാനിൽ നിന്നാണ് കണ്ടെത്തിയത്. ആടിന്റെ പേരിൽ മറ്റൊരു കൊലപാതകം കഴിഞ്ഞ സെപ്റ്റംബറിൽ ജാർഖണ്ഡിൽ നടന്നിരുന്നു. ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് പേരെ ഗ്രാമവാസികൾ തല്ലിച്ചതച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇതിൽ ഒരാൾ കസ്റ്റഡിയിൽ വെച്ച് മരിച്ചു.
Post Your Comments