കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡിയിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് എം.ശിവശങ്കർ പറയുന്നു. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ശിവശങ്കർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സ്വപ്നയും വേണുഗോപാലും ശിവശങ്കറുമായി നടത്തിയ വാട്ട്സ്ആപ് സന്ദേശങ്ങളുടെ പൂർണ്ണരൂപം സഹിതമാണ് ശിവശങ്കർ കോടതിയിൽ വിശദീകരണം നൽകിയിരിക്കുന്നത്. തൻ്റെ മേൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു വിധത്തിലും ബന്ധമില്ലെന്ന് ശിവശങ്കർ പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കസ്റ്റംസ് ഓഫീസറേയും താൻ വിളിച്ചിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തത്. തന്നെപ്പറ്റി ഇഡി നുണകൾ പ്രചരിപ്പിക്കുകയാണെന്നും ശിവശങ്കർ കോടതിയിൽ ആരോപിക്കുന്നു. ശിവശങ്കറിൻ്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയാനിരിക്കെയാണ് ശിവശങ്കർ കോടതിക്ക് വിശദീകരണം നൽകിയിരിക്കുന്നത്.
Post Your Comments