Latest NewsNewsIndia

ഇത് ഭയാനകം, ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? തുറന്നടിച്ച് സിദ്ദിഖ് കാപ്പന്റെ കുടുംബം

ന്യൂഡൽഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെതിരെ കുടുംബം. അറസ്റ്റിലായി ഏഴു ദിവസത്തിനുശേഷം റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ആത്മഹത്യാ പ്രേരണാ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടി. അറസ്റ്റിലായി നാല്‍പത്തിയൊന്ന് ദിവസത്തിന് ശേഷവും മറ്റൊരു പത്രപ്രവര്‍ത്തകന്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന് നീതിക്കായി കാത്തിരിക്കുകയാണ്.

കുടുംബത്തിനെ വാക്കുകൾ..

ഈ കാത്തിരിപ്പ് സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്, കാപ്പന്റെ കുടുംബം പറയുന്നു. “അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചുവെന്ന് കേട്ട ശേഷം, എന്റെ ഭര്‍ത്താവിന് നീതി ലഭിച്ചിട്ടില്ലെന്ന് ചിന്തിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു. അറസ്റ്റിന് ശേഷം കോടതിയും ജയില്‍ അധികൃതരും അദ്ദേഹത്തെ കാണാന്‍ പോലും ഞങ്ങളെ അനുവദിച്ചിട്ടില്ല. അദ്ദേഹത്തെ കുറിച്ച്‌ ഒന്നും ഞങ്ങള്‍ അറിയുന്നില്ല, ഇത് ഭയാനകമാണ്. ഞങ്ങള്‍ വിവിധ തലങ്ങളില്‍ ജുഡീഷ്യറിയെയും സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നീതി ലഭിച്ചില്ല. ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ?” യുപി മഥുരയില്‍ ജയിലിലടച്ച ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന (37) ചോദിക്കുന്നു.

ഹഥ്റാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദലിത് യുവതിയുടെ വീട്ടിലേക്കുള്ള യാത്രയില്‍, അഴിമുഖം ഓണ്‍ലൈനില്‍ ജോലി ചെയ്യുന്ന സിദ്ദിഖ് കാപ്പന്‍ ഒക്ടോബര്‍ 5 ന് മഥുരയില്‍ വെച്ച്‌ അറസ്റ്റിലായി. ഒക്ടോബര്‍ 6 ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റുകള്‍ (കെ‌യുഡബ്ല്യുജെ) സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നല്‍കി.

ഹഥ്റാസ് ബലാത്സംഗത്തിനെതിരെ മതപരമായ ശത്രുത വളര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പനും (41) ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയിലെ (സിഎഫ്‌ഐ) മൂന്ന് അംഗങ്ങളും സ്ഥലത്തെത്തിയത് എന്നായിരുന്നു യുപി പോലീസിന്റെ ആരോപണം. രാജ്യദ്രോഹ കുറ്റത്തിന് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

“ജുഡീഷ്യറി പോലും ഞങ്ങളെ ഉപേക്ഷിച്ചുവെന്ന് എനിക്ക് തോന്നുന്നു. ഇവിടെ തുല്യനീതി നടകപ്പാക്കപ്പെടുന്നില്ല. നീതി എല്ലാവര്‍ക്കുമുള്ളതല്ല, ചിലര്‍ക്ക് മാത്രമാണത്. അര്‍ണബ് ഗോസ്വാമിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ ഇത്ര വേഗത്തില്‍ നീങ്ങിയത് എങ്ങനെ? ” റൈഹാന പറയുന്നു.

Read Also: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

നവംബര്‍ 11 ന് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയ വാദത്തിനിടെ, മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കാപ്പന്റെ അറസ്റ്റിനെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പന്‍ ഒമ്ബത് വര്‍ഷം മുന്‍പാണ് രാജ്യതലസ്ഥാനത്ത് എത്തുന്നത്. കുടുംബത്തിന്റെ ഏക ആശ്രയം കൂടിയാണ് അദ്ദേഹം.

“എന്റെ ഭര്‍ത്താവിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഹഥ്റാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകാന്‍ ടാക്സി വാടകയ്ക്കെടുക്കാന്‍ അദ്ദേഹത്തിന് പണമില്ലായിരുന്നു. ആരെങ്കിലും അവിടെ പോകുന്നുണ്ടെങ്കില്‍ തന്നെ അറിയിക്കാന്‍ അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അറസ്റ്റിലായ മറ്റ് മൂന്ന് പേരോടൊപ്പം ചേരുന്നത് അങ്ങനെയാണ്, ” അവര്‍ പറയുന്നു.

അറസ്റ്റിനെക്കുറിച്ച്‌ സിദ്ദിഖിന്റെ 90 കാരിയായ അമ്മ ഖദീജയെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റൈഹാന പറയുന്നു. “സിദ്ദിഖ് ഡല്‍ഹിയിലാണെന്നും ഉടന്‍ വീട്ടിലെത്തുമെന്നുമാണ് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. അവള്‍ക്ക് അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നത് ഒരു ഭാഗ്യമായി തോന്നുന്നു. അദ്ദേഹത്തെ കുറിച്ച്‌ ചോദിക്കുമ്പോഴെല്ലാം, ഇന്നലെ രാത്രികൂടി വിളിച്ചിരുന്നു എന്നാണ് ഞങ്ങള്‍ പറയുന്നത്.”

shortlink

Related Articles

Post Your Comments

Related Articles


Back to top button