കൊൽക്കത്ത: വിഖ്യാത ബംഗാൾ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.
സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ എന്ന ഖ്യാതിയുള്ള സൗമിത്ര ചാറ്റർജി അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുർ സൻസാറിലൂടെയാണ് (1959) സൗമിത്ര സിനിമയിൽ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
കൽക്കത്തയുടെ പ്രാന്തപ്രദേശത്തെ ഷിയൽദാ റെയിൽവേ സ്റ്റേഷനു സമീപമുള്ള മിർസാപുരിലാണ് സൗമിത്ര ജനിച്ചത്. പത്തു വയസ്സു വരെ അദ്ദേഹം വളർന്നത് നദിയ ജില്ലയിലെ കൃഷ്ണനഗറിലായിരുന്നു. നാടകകൃത്ത് ദ്വിജേന്ദ്രലാൽ റേയുടെ പട്ടണമായ കൃഷ്ണനഗറിന് തനതായൊരു നാടകസംസ്കാരമുണ്ടായിരുന്നു. ആ അന്തരീക്ഷം സൗമിത്രയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അഭിഭാഷകനും സർക്കാർ ഉദ്യേഗസ്ഥനുമായിരുന്നു സൗമിത്രയുടെ പിതാവ്. അദ്ദേഹവും സൗമിത്രയുടെ മുത്തശ്ശനും നാടകപ്രവർത്തകരായിരുന്നു.
Read Also: അയോധ്യ ലോകത്തിലെ ഏറ്റവും മനോഹര നഗരം: യോഗി ആദിത്യനാഥ്
സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചിരുന്ന സൗമിത്ര പിന്നീട് അഭിനയത്തെ ഗൗരവമായെടുക്കുകയും തന്റെ വഴി അതാണെന്നു തീരുമാനിക്കുകയും ചെയ്തു. ഹൗറ സില്ല സ്കൂളിലും കൊൽക്കത്ത സിറ്റി കോളജിലും കൊൽക്കത്ത സർവകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ സൗമിത്ര പഠനകാലത്തുതന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയിൽനിന്ന് അഭിനയപാഠങ്ങൾ പഠിച്ചു. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി.
Post Your Comments