പത്തനംതിട്ട: ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കുന്നു. മണ്ഡലകാല പൂജകൾക്കായി തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കുന്നത്. സന്നിധാനത്തേക്ക് തിങ്കളാഴ്ച മുതലാവും ഭക്തരെ പ്രവേശിപ്പിക്കുക.
കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ വിർച്വൽക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ദർശനം നടത്താൻ അവസരം നൽകുന്നത്. ഞായറാഴ്ച ദീപാരാധനയ്ക്ക് ശേഷം നിയുക്ത മേൽശാന്തി വി കെ ജയരാജ് പോറ്റിയേയും മാളികപ്പുറം മേൽശാന്തി എംഎൻ രജികുമാറിനേയും മേൽശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കുന്നതാണ്. ഇന്ന് രാത്രിയോടെ മാളികപ്പുറം മേൽശാന്തി എം എസ് പരമേശ്വരൻ നമ്പൂതിരിയും, ശബരിമല മേൽശാന്തി എ കെ സുധീർ നമ്പൂതിരിയും മലയിറങ്ങും.
നേരത്തെ ചെയ്തിരുന്നത് പോലെ നെയ്യഭിഷേകം നേരിട്ട് നടത്താനാവില്ല. നെയ്ത്തേങ്ങ ദേവസ്വം ബോർഡിന്റെ പ്രത്യേക കൗണ്ടറിൽ ഏൽപ്പിക്കണം. 24 മണിക്കൂറിനിടയിൽ നടത്തിയ കോവിഡ് ടെസ്റ്റ് ഫലം ഭക്തരുടെ പക്കലുണ്ടാവേണ്ടതാണ്. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ കോവിഡ് ടെസ്റ്റ് നടത്തും. പോസിറ്റീവ് ഫലം വരുന്നവരെ റാന്നിയിലെ സിഎഫ്എൽടിസിയിലേക്ക് മാറ്റും.
Post Your Comments