കൊച്ചി: ഏതു ഫയലും വിളിച്ചു വരുത്തി പരിശോധിക്കാന്‍ അധികാരമുണ്ടെന്നും ലൈഫ് മിഷന് ഫയലുകള്‍ പരിശോധിക്കുന്നത് പദ്ധതി നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനാണെന്നും നിയമസഭാ സെക്രട്ടറിയെ അറിയിച്ച് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു നല്കിയ മറുപടിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
ലൈഫ് മിഷന് പദ്ധതി സംസ്ഥാന വ്യാപകമായി തടസപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന പരാതിയില്‍ നേരത്തേ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇഡി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഫയലുകള്‍ വിളിച്ചുവരുത്തിയ ഇഡിയുടെ നടപടി അവകാശലംഘനമാണെന്നാരോപിച്ച് ജയിംസ് മാത്യു എംഎല്‍എ പരാതി നല്‍കിയിരുന്നു.
ഒരുതരത്തിലും നിയമസഭയുടെ അധികാരത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ മറുപടി. പ്രതികള്‍ നടത്തിയ സാമ്ബത്തിക ഇടപാടുകള്‍ സംശയാസ്പദമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് ഫയലുകള്‍ വിളിച്ചുവരുത്തിയതെന്നും എന്‍ഫോഴ്സ്മെന്റ് കത്തില്‍ വ്യക്തമാക്കുന്നു.കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം (പിഎംഎല്‍എ) സിവില്‍ കോടതിയുടെ അധികാരത്തോടെയാണ് ഇഡി കേസ് അന്വേഷിക്കുന്നത്.
സഹകരിക്കാന്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കു ബാധ്യതയുണ്ടെന്ന് നിയമത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ലൈഫ് പദ്ധതിയെ അട്ടിമറിക്കാനാണ് ഫയലുകള്‍ വിളിച്ചുവരുത്തിയതെന്ന വാദം ദുര്‍വ്യാഖ്യാനമാണ്. പദ്ധതിയെ അട്ടിമറിക്കുകയല്ല മറിച്ച് സര്‍ക്കാര്‍ പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്തുകയാണ് നടപടിയിലൂടെ ലക്ഷ്യമാക്കുന്നത്. ഈ സാഹചര്യത്തില്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും എന്‍ഫോഴ്സ്മെന്റ് വിശദീകരണക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments