തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തുക്കളായ നാല് പേര്‍ക്ക് കൂടി എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചു. ഇവർ ബിനീഷിന്റെ ബിനാമികളാണെന്നാണ് ഇഡിയുടെ സംശയം. അബ്ദുല്‍ ലത്തീഫ്, റഷീദ്, അരുണ്‍, അനിക്കുട്ടന്‍ എന്നിവര്‍ക്കാണ് ഇഡി നോട്ടീസയച്ചത്. ഈ മാസം 18ന് ഇഡിയുടെ ബംഗളൂരു ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
അനിക്കുട്ടന്‍ ബിനീഷിന്റെ ഡ്രൈവറാണ്. ചോദ്യംചെയ്യാനായി നവംബര്‍ 18-ന് ബെംഗളൂരു ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ബിനീഷ് കോടിയേരിയുമായി വന്‍തോതില്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് കണ്ടെത്തിയ ബിനീഷിന്റെ നാല് സുഹൃത്തുക്കള്‍ക്കാണ് ഇഡി ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അബ്ദുള്‍ ലത്തീഫിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. അതിനിടെ, ഇയാള്‍ ഒളിവിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
ബിനീഷ് കോടിയേരി കൈകാര്യം ചെയ്തിരുന്ന വിവിധ അക്കൗണ്ടുകളില്‍ അരുണ്‍ വന്‍ തോതില്‍ പണം നിക്ഷേപിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.അനിക്കുട്ടന്‍ ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന് തെളിവുണ്ടെന്നും ഇഡി വാദിക്കുന്നു. ഇവര്‍ നാല് പേരെയും ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബിനീഷിന്റെ റിമാന്‍ഡ് റിപോര്‍ട്ടില്‍ ഇഡി കോടതിയെ അറിയിച്ചിരുന്നു.
ബിനീഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് കടത്തിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ഇഡി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ ബിനീഷിന് വലിയ ശൃംഖലയുണ്ടെന്ന് അന്വേഷണസംഘത്തിന് മനസ്സിലായിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ബിനീഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്.
Post Your Comments