തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ ആവേശ തിമിർപ്പിൽ തെരെഞ്ഞെടുപ്പ് പ്രകടനം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിനെ വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശക്തിപ്രകടനമായാണ് ബിജെപി ഇക്കുറി കാണുന്നത്. അതുകൊണ്ടു തന്നെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കുകയാണ് പാര്‍ട്ടി. ബിജെപിക്ക് ഏറ്റവും ശക്തിയുള്ള തിരുവനനന്തപുരത്ത് പാര്‍ട്ടി രണ്ടും കല്‍പ്പിച്ചുകൊണ്ടുള്ള പോരാട്ടത്തിലാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ശക്തരെയാണ് ബിജെപി കളത്തില്‍ ഇറക്കിയിരിക്കുന്നത്.
കോര്പറേഷന് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി രംഗത്തെത്തിയത്. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ് തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരിക്കാന്‍ തയ്യാറായി രംഗത്തെത്തി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പൂജപ്പുര വാര്‍ഡില്‍ രാജേഷിന്റെ പേര് പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരത്തെ ലോകോത്തര നഗരമാക്കി മാറ്റാന്‍ അഖിലേന്ത്യാ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും സുരേന്ദ്രന് പറഞ്ഞു.
കാലാകാലങ്ങളായി നഗരസഭ ഭരിച്ചവര്‍ സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി തിരുവനന്തപുരത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. തലസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്കാന് എന്‍ഡിഎയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്. കേന്ദ്രത്തിന്റെ സഹായത്തോടെ അത് നടപ്പിലാക്കുകയും ചെയ്യും. രാജ്യാന്തര വിമാനത്താവളത്തിന് പാര പണിയുന്നവര്‍ക്കാണോ വികസനം കൊണ്ടുവരാന്‍ കഴിയുന്നവര്‍ക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
രാജേഷിന് പുറമേ സംസ്ഥാന സെക്രട്ടറിയും മുന്‍ജില്ലാപ്രസിഡന്റുമായ എസ്. സുരേഷിനെ ജില്ലാ പഞ്ചായത്ത് വെങ്ങാനൂര്‍ ഡിവിഷനിലും മത്സരത്തിനിറക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പോരിന്റെ ചൂരുംചൂടും അറിഞ്ഞവരാണ് ഇരുവരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി.യുടെ സിറ്റിങ് വാര്‍ഡും ഡിവിഷനും നിലനിര്‍ത്തുന്നതിനൊപ്പം തലസ്ഥാനത്ത് എതിരാളികള്‍ക്ക് തങ്ങളുടെ കരുത്ത് കാട്ടിക്കൊടുക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.
തലസ്ഥാന ജില്ലയില്‍ പാര്‍ട്ടിയെ നയിക്കേണ്ടയാളെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കിയാലും സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുമെന്നാണ് രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞത്. കോര്‍പറേഷനില്‍ കണ്ണുവെക്കുന്ന ബിജെപി. സംസ്ഥാനനേതാക്കളെ തിരുവനന്തപുരത്ത് തമ്പടിപ്പിച്ച് വോട്ടുപിടിക്കാന്‍ നേരത്തേതന്നെ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്പ്പറേഷന് അധികാരം പിടിക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം.
മത്സരിക്കുന്ന നേതാക്കളുടെ ജനപ്രീതിയിലാണ് നേതൃത്വത്തിന്റെ വിശ്വാസം. എന്നാല്‍, മേയര്‍പദവിയോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ ഇരുനേതാക്കള്‍ക്കും മോഹിക്കാനാവില്ല. കാരണം രണ്ടു സ്ഥാനങ്ങള്‍ക്കും സംവരണമുണ്ട്. കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ ബിജെപി.ക്ക് ഭരണത്തിലുള്ള ഇടതുമുന്നണിയുമായി ചെറിയ ദൂരം മാത്രമുള്ള കോര്‍പറേഷനില്‍ ഭരണം പിടിച്ചെടുക്കുകയെന്നതാണ് ഇപ്പോള്‍ പരീക്ഷിക്കുന്ന തിരുവനന്തപുരം മോഡലിന്റെ ലക്ഷ്യം.
എന്നാൽ തിരുവനന്തപുരത്തിന് പുറമേ തൃശ്ശൂരില്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെ കളത്തിലിറക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തീരുമാനം താമസിയാതെ ഉണ്ടായേക്കും. പാര്‍ട്ടി സംസ്ഥാന നേതൃത്വവും ആര്.എസ്.എസ് നേതൃത്വവും ഗോപാലകൃഷ്ണനോട് മത്സരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനിലായിരിക്കും ഗോപാലകൃഷ്ണന് മത്സരിക്കുകയെന്ന് അറിയുന്നു.
ആദ്യം ഇടതുമുന്നണിയുടെയും പിന്നെ കോണ്‍ഗ്രസിന്റെയും കുത്തകയായിരുന്ന ഈ ഡിവിഷന് കഴിഞ്ഞ തവണയാണ് ബിജെപി പിടിച്ചെടുത്തത്. 2015ല്‍ മുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ.ലളിതാംബിക ഇവിടെ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിലും ഡിവിഷനില്‍ ബിജെപി ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കോര്‍പ്പറേഷനില്‍ 36 ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. നേരത്തെ ലോകസഭയിലേക്കും നിയമസഭയിലേക്കും മല്‍സരിച്ച ഗോപാലകൃഷ്ണനെ കോര്‍പ്പറേഷനിലേക്ക് മല്‍സരിപ്പിക്കുന്നത് ബിജെപിയുടെ പുതിയ നീക്കം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
Post Your Comments