ന്യൂഡല്‍ഹി: 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിജെപി. ബീഹാറിലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു. ഇതിന്റെ ഭാഗമായി 100 ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ജനപ്രതിനിധികളുമായി നദ്ദ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പില്‍ സാധ്യമായ സഖ്യങ്ങളെക്കുറിച്ചും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിച്ഛായ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും. കൊറോണയുടെ പശ്ചാത്തലത്തില്‍ നദ്ദ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ നടക്കുന്ന ഹാളുകളില്‍ 200 പേരെയാകും പരമാവധി പ്രവേശിപ്പിക്കുക.
‘രാഷ്ട്രീയ വിസ്തൃത് പ്രവാസ്’ എന്ന് പേരിട്ടിരിക്കുന്ന യാത്രയില്‍ ഓരോ സംസ്ഥാനത്തിനും പ്രത്യേകം പദ്ധതികള്‍ നദ്ദ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തും നിശ്ചിത ദിവസം തങ്ങിയ ശേഷമാകും അദ്ദേഹം മറ്റിടങ്ങളിലേയ്ക്ക് പോകുക. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്ത മണ്ഡലങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുക. ഈ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ അദ്ദേഹം നേരിട്ട് വിലയിരുത്തും.
Post Your Comments