കൊച്ചി: സംസ്‌ഥാനത്ത് തുലാവര്‍ഷം അതീവ ദുര്‍ബലമായിരിക്കുന്നു. ഈ മാസം ഇന്നലെ വരെ പ്രതീക്ഷിച്ചിരുന്നത് 392.8 മില്ലീ മീറ്റര്‍ മഴയാണ്. എന്നാൽ ലഭിച്ചിരിക്കുന്നത് 256.6 മില്ലീ മീറ്റര്‍ മഴ മാത്രമാണ്. 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുകയാണ്. 19 വരെ സാധാരണയിലും കുറഞ്ഞ തോതിലേ മഴ പെയ്യുകയുള്ളൂവെന്ന് കാലാവസ്‌ഥാ ഗവേഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.
പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ലാ നിന പ്രതിഭാസം തുടരുന്നതാണ് തുലാവര്‍ഷം അതീവ ദുർബലമാക്കിയിരിക്കുന്നത്. സമുദ്രജലവും ഉപരിതലവും അന്തരീക്ഷവും സാധാരണയിലും തണുക്കുന്നതാണ് ലാ നിന. വരും മാസങ്ങളിലും ഇതു തുടര്‍ന്നേക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മഴ കുറയാനുള്ള സാധ്യതയാണ് കൂടുതലെന്ന് കാലാവസ്‌ഥാ വിദഗ്‌ധര്‍ അറിയിക്കുകയുണ്ടായി.
തുലാവര്‍ഷം ശക്‌തമാക്കാവുന്ന അനുകൂലഘടകങ്ങളൊന്നും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഇല്ല. ഈ മാസം 29 വരെ കടല്‍ കാലാവസ്‌ഥ ഇപ്പോഴുള്ളതുപോലെ തുടരുന്നതാണ്. അതിനുശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമോ ചുഴലിക്കാറ്റോ രൂപമെടുത്താലേ തുലാവര്‍ഷം മെച്ചപ്പെടുകയുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ 30 ന് അവസാനിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 9% അധിക മഴ കിട്ടിയിരുന്നു. മഴ അകന്നതോടെ സംസ്ഥാനത്ത് അന്തരീക്ഷ താപനിലയും ഉയര്‍ന്നു. രാത്രിയിലും ചൂടു കൂടിയിട്ടുണ്ട്. സാധാരണ നവംബറില്‍ അനുഭവപ്പെടുന്ന തണുപ്പിനും കുറവുണ്ട്.
Post Your Comments