തിരുവനന്തപുരം: തലസ്ഥാന കോര്‍പ്പറേഷന്‍ പിടിക്കാന്‍ അരയും തലയും മുറുക്കി ബിജെപി. ഇക്കുറി തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ ഭരണം കൈപ്പിടിയിലൊതുക്കാനുളള കഠിന ശ്രമത്തിലാണ് ബി ജെ പി നേതാക്കൾ. അതിനായി ജില്ലയിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ വി വി രാജേഷ് തന്നെ മുന്നില്‍ നിന്ന് പടനയിക്കും. പൂജപ്പുരയില്‍ നിന്നാവും അദ്ദേഹം മത്സരിക്കുക. എന്നാൽ കോര്‍പ്പറേഷനില്‍ വിജയസാധ്യതയുളളവരെ മാത്രം സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. യുവാക്കള്‍, പ്രൊഫഷണലുകള്‍ സാധാരണക്കാര്‍ തുടങ്ങിയവരൊക്കെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സ്വര്‍ണക്കടത്തിലും ബിനീഷ് കോടിയേരി വിഷയത്തിലുംപെട്ട് സി പി എം വിഷമവൃത്തത്തിലായതിനാല്‍ എളുപ്പത്തില്‍ നേട്ടം കൊയ്യാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.
എന്നാൽ 2015ല്‍ നടന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ചുകൊണ്ടാണ് ബി ജെ പി അംഗബലം മുപ്പത്തിനാലാക്കിയത്. ഇത്തവണ ഇതിന്റെ ഇരട്ടി സീറ്റുകള്‍ നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം തന്നെയാണ് ബി ജെ പിയുടെ പ്രധാന പ്രചരണ വിഷയം. ഇതിനൊപ്പം വിഴിഞ്ഞം തുറമുഖം, ടെക്നോപാര്‍ക്ക് വികസനം,ജലപാത തുടങ്ങിയവയും പ്രചരണത്തിന് സജീവമായി ഉന്നയിക്കും. ഇതിലൂടെ യുവാക്കളെ തങ്ങള്‍ക്ക് അനുകൂലമാക്കാനാവുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.
അതേസമയം തലസ്ഥാന നഗരത്തിന്റെ വികസനത്തിനെ ഇരുമുന്നണികളും അവഗണിച്ചുവെന്നാണ് ബി ജെ പി ഉന്നയിക്കുന്ന പ്രധാന ആരോപണം. കേന്ദ്രസര്‍ക്കാര്‍ നഗരവികസനത്തിനായി കൊണ്ടുവന്ന പദ്ധതികള്‍പോലും സമയബന്ധിതമായി നടപ്പിലാക്കാന്‍ നഗരസഭയും സംസ്ഥാന സര്‍ക്കാരും ഒന്നും ചെയ്തില്ലെന്നും ബി ജെ പി ചൂണ്ടിക്കാണിക്കുന്നു.
Post Your Comments