
മലപ്പുറം: കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു വീണ് രണ്ടുവയസുകാരന്‍ ദാരുണാന്ത്യം. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിന്‍ ബാബു-മുഹ്സിന ദമ്പതികളുടെ മകന്‍ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച (നവംബർ-11) ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടില്‍ വച്ചായിരുന്നു അപകടം. എന്നാൽ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി അമ്മ മുഹ്സിനയുടെ സഹോദരന്‍റെ വീട്ടിലെത്തിയത്. കരുളായി പിലാക്കല്‍ മുക്കം കടവിന് സമീപത്താണ് ഈ വാടക ക്വാര്‍ട്ടേഴ്സ്. മുതിര്‍ന്നവര്‍ സംസാരിച്ചു കൊണ്ടിരിക്കെ വീട്ടിലെ മറ്റുകുട്ടികള്‍ക്കൊപ്പം സിറ്റൗട്ടില്‍ കളിക്കുകയായിരുന്നു അസ്ലം.
Read Also: ജീവന് ഭീഷണി, സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ല: കലാഭവന്‍ സോബി
ഇതിനിടെ കൈവരിയിലെ കമ്പികള്‍ക്കിടയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. സഹോദരങ്ങള്‍: ജനാ ഫാത്തിമ, മുഖ്ദാദ്, ഹാത്തിം. സംഭവത്തെ തുടർന്ന് കെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ തുറന്ന സ്ഥലങ്ങളില്‍ കുട്ടികള്‍ കളിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്നാണ് പോലീസ് പറയുന്നത്. കൈവരികള്‍ പഴുതുകള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് കയറാന്‍ പറ്റാത്ത ഉയരത്തിലുള്ള തിണ്ണ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പോലീസ് വ്യക്തമാക്കുന്നു.
Post Your Comments