തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ രാജിവച്ചതാണോ അതോ അവധിയിൽ പോയതാണോ സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു.
കോടിയേരി രാജിവയ്ക്കണമെന്ന് നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോടിയേരിക്കും കുടുംബത്തിനും കേസിലുള്ള പങ്ക് വ്യക്തമായിട്ടുണ്ട്. എന്നിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ കോടിയേരി ശ്രമിച്ചു. ഗതികെട്ടാണ് താൽക്കാലികമായി ഇപ്പോൾ രാജിവച്ചത്.
സ്വർണ കടത്ത് കേസന്വേഷണം മന്ദഗതിയിലാണ് ഇപ്പോൾ നീങ്ങുന്നത്. അന്വേഷണ ഏജൻസികൾക്ക് എന്തോ വിലക്കുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് എന്തുകൊണ് അന്വേഷണം എത്താത്തത് ? സ്വർണ കടത്ത്, മയക്കു മരുന്ന് കേസ് അട്ടിമറിക്കാൻ ദില്ലിയിൽ ബിജെപി – സിപിഎം ചർച്ച നടന്നിട്ടുണ്ട്. ഇരുപാർട്ടികളുടേയും കേന്ദ്ര നേതാക്കളാണ് ഇതിനായി നേതൃത്വം നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് ഇതുവരെയും അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത്. ഉദ്യോഗസ്ഥന്മാരെ കരുവാക്കി രാഷ്ട്രീയ നേതൃത്വത്തെ വെള്ളപൂശുന്നത് സിപിഎം – ബിജെപി ഒത്തുകളിയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിഎം രവീന്ദ്രനെ കുറിച്ച് താൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ് എന്നും അദ്ദേഹം പറയുന്നു.
എല്ലാ വെല്ലുവിളികളും നേരിട്ട് ത്രിതല പഞ്ചാത്തിൽ റെക്കോഡ് വിജയം യുഡിഎഫ് നേടുമെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി സിപിഎമ്മും ബിജെപിയും രഹസ്യ ബാന്ധവത്തിലാണെന്നും ആരോപിക്കുന്നു. കിട്ടുന്ന അവസരം മുതലെടുക്കുന്ന നേതാവാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവനെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Post Your Comments