പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നവംബര്‍ 16ന് സത്യപ്രതിജ്ഞ ചെയ്യും. ഏഴാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയെന്ന പദവി നിതീഷ് കുമാറിന് സ്വന്തമാകാന്‍ പോകുന്നത്. ഇതില്‍ നാല് വട്ടമാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം മുഴുവന്‍ സമയ കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്.
തിരഞ്ഞെടുപ്പില്‍ ജെഡിയുവിനെക്കാളും മികച്ച പ്രകടനവുമായി ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും, മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനുള്ള തിയതി തീരുമാനിച്ചിട്ടില്ല. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയുടേയും ജെഡിയുവിന്റെയും മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. ഗവര്‍ണറെ സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാള്‍, ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയെ സന്ദര്‍ശിച്ചിരുന്നു. പുതിയ മന്ത്രിസഭയില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പ്രതിനിധിയും ഉണ്ടാകുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments