ന്യൂഡല്‍ഹി: രാജ്യത്ത് അതിപ്രധാനമായ സംസ്ഥാനങ്ങളിൽ ഒന്നായ ബീഹാറിലെ തെരെഞ്ഞെടുപ്പ് കോൺഗ്രസിന് പരാജയങ്ങളുടെ കണക്കുകൾ മാത്രമാണ് സമ്മാനിച്ചത്. എന്നാൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ബിഹാറിലെ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രകടനത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ്. കപ്പിനും ചുണ്ടിനും ഇടയിലെന്നപോലെ മഹാസഖ്യത്തിന് അധികാരം നഷ്ടപ്പെട്ടതിന് പ്രധാന കാരണം കോണ്‍ഗ്രസാണെന്ന വിമര്‍ശനം പാര്‍ട്ടിക്കു പുറത്തെന്നപോലെ അകത്തും ശക്തം.
അതേസമയം മഹാസഖ്യത്തില്‍നിന്ന് പിടിച്ചുവാങ്ങിയ 70 സീറ്റില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കഴിഞ്ഞ തവണ മത്സരിച്ച 40ല്‍ 27 സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞെങ്കില്‍ ഇക്കുറി കിട്ടിയത് 19 മാത്രം. 51 സീറ്റില്‍ തോറ്റു. മഹാസഖ്യത്തിലെ പ്രധാന കക്ഷിയായ ആര്.ജെ.ഡി മത്സരിച്ചതില്‍ പകുതിയിലേറെ സീറ്റില്‍ ജയിച്ചു. സഖ്യകക്ഷികളായ ഇടതും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേവല ഭൂരിപക്ഷത്തിന് 12 സീറ്റിന്റെ മാത്രം കുറവാണ് മഹാസഖ്യത്തിന് ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു സംഭവിച്ച പലവിധ വീഴ്ചകള്‍ ഈ സാഹചര്യത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.
ബിഹാറിലെ തെരഞ്ഞെടുപ്പു പ്രചാരണത്തെ നയിച്ചത് രാഹുല്‍ ഗാന്ധിയാണ്. പ്രധാനമന്ത്രി എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയിലും നരേന്ദ്ര മോദി പങ്കെടുത്ത അത്ര പ്രചാരണ യോഗങ്ങളില്‍പോലും രാഹുല്‍ എത്തിയില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ബിഹാറിലേക്ക് എത്തിനോക്കിയതുപോലുമില്ല. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ബിഹാറിലേക്ക് വിഡിയോ സന്ദേശം അയക്കുകയാണ് ചെയ്തത്.
പല സ്ഥാനാര്‍ഥികളെയും ഡല്‍ഹിയില്‍ നിന്ന് കെട്ടിയിറക്കുകയാണ് ചെയ്തത്. പ്രചാരണ നിയന്ത്രണത്തിനും ഡല്‍ഹിയില്‍നിന്ന് ആളെ വിട്ടു. അവര്‍ക്കാകട്ടെ, മണ്ഡലത്തിന്റെ സ്വഭാവവും തെരഞ്ഞെടുപ്പിെന്റ ചലനങ്ങളും അളന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ പേര് പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായി എത്തിയെങ്കിലും, അവരും വെറുതെ കറങ്ങിനടന്നു. ബൂത്തുതല മാനേജ്മെന്റ് ബി.ജെ.പി കരുതലോടെ നിര്‍വഹിച്ചെങ്കില്‍, ബൂത്ത് ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയാണ് പ്രതാപം പണ്ടേ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് കാഴ്ചവെച്ചത്. മധ്യപ്രദേശ്, ഗുജറാത്ത്, യു.പി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പ്രകടനം ദുര്‍ബലമായിരുന്നു.
എന്നാൽ വെറുതെ വോട്ടുയന്ത്രത്തെ പഴിപറയുന്നത് എന്തിനെന്ന ചോദ്യമാണ് യുവനേതാവ് കാര്‍ത്തി ചിദംബരം ഉയര്‍ത്തിയത്. കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയവര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ വീണ്ടും പാര്‍ട്ടിയില്‍ ചര്‍ച്ചയായി. സംഘടനാപ്രവര്‍ത്തനം ഉഷാറാക്കാനും തെരഞ്ഞെടുപ്പു നടത്താനും ക്രമീകരണം ഒരുക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചതല്ലാതെ, അക്കാര്യങ്ങളും ഇഴയുന്നു. പുതിയ സാഹചര്യങ്ങളില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന കാര്യം പിന്നെയും വൈകിയേക്കും.
Post Your Comments