തൃശൂര്‍: കോവിഡ് മഹാമാരി കാരണം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സാധാരണക്കാർക്ക് ഇരുട്ടടിയുമായി സംസ്ഥാന സർക്കാർ. സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) വില്പനശാലകളില് സബ്സിഡി ഇതര സാധനങ്ങള്‍ക്ക് വില കുത്തനെ കൂട്ടി സർക്കാർ . സൗജന്യകിറ്റില്‍ നല്‍കാത്ത സാധനങ്ങള്‍ക്കാണ് 41 രൂപ വരെ നവംബറില്‍ വില വര്‍ധിപ്പിച്ചത്.
ആഗസ്റ്റില്‍ 172 രൂപയായിരുന്നു ഒരു കിലോ ശബരി ലൂസ് ചായയുടെ വില. സെപ്റ്റംബര്‍, ഒക്ടോബറില്‍ ഇത് 37 രൂപ കൂടി 209 ആയി. നവംബറില്‍ 250 രൂപയാണ് വില. 250 ഗ്രാമിന്റെ ശബരി സൂപ്രിം പാക്കറ്റ് ചായപ്പൊടി വില 48ല്‍നിന്ന് 60 ആയി. ആഗസ്റ്റില്‍ 120 രൂപയുണ്ടായിരുന്ന മുളകിന് രണ്ട് മാസങ്ങളില്‍ നാല് രൂപയാണ് കൂടിയത്.
നവംബറില്‍ 124ല്‍ നിന്ന് 164 രൂപയാക്കി വര്‍ധിപ്പിക്കുകയായിരുന്നു. ഉലുവക്ക് മൂന്ന് മാസത്തിനിടെ 18 രൂപയാണ് കൂടിയത്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 66 രൂപയുണ്ടായിരുന്നത് ഒക്ടോബറില്‍ 80 ആയി. നവംബറില്‍ 84 ആയി. ആഗസ്റ്റിലെ 60 രൂപയില്‍നിന്ന് നവംബറില്‍ 76 രൂപയിലേക്ക് കടുക് വില ഉയര്‍ന്നു.
18 രൂപയാണ് ഈ മാസം പരിപ്പിന് കൂടിയത്. ചെറുപയര്‍ 102 ആയി. 69 രൂപയുണ്ടായിരുന്ന പയര്‍ അഞ്ച് രൂപ കൂടി 74ല്‍ എത്തി. കടല ഒക്ടോബറില്‍ 68ഉം നവംബറില്‍ 70 ഉം ആയി ഉയര്‍ന്നു. ആഗസ്റ്റില്‍ 88 രൂപയുണ്ടായിരുന്ന മല്ലി രണ്ട് രൂപ കൂടി 90 രൂപയായി. സൗജന്യകിറ്റില്‍ ലഭിക്കാത്ത സബ്സിഡിയിതര സാധനങ്ങള്‍ക്കാണ് ഈ വിലക്കയറ്റം.
കിറ്റ് ഒരുക്കലിന്റെ സാഹചര്യത്തില്‍ സബ്സിഡി സാധനങ്ങള്‍ വില്പനശാലകളില് ആവശ്യത്തിനില്ലാത്ത സാഹചര്യവുമുണ്ട്. സര്‍ക്കാര്‍ നല്‍കേണ്ട കോടിക്കണക്കിന് രൂപയുടെ തുക നല്‍കാത്തതാണ് കാര്യങ്ങള്‍ കുഴയാന്‍ കാരണം. അതേസമയം, അരി വില കുറഞ്ഞത് ആശ്വാസമായി. കുറുവ അരി 30ല്‍ നിന്ന് 29 ആയി കുറഞ്ഞപ്പോള്‍ ജയ 34ല്‍ നിന്ന് 32 രൂപയായി കുറഞ്ഞു.
Post Your Comments