ന്യൂയോർക്ക് :കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ ആശ്വാസകരമായ വാർത്തയുമായി അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. ബയോൺടെക്കുമായി ചേർന്ന് വികസിപ്പിക്കുന്ന കൊറോണ വാക്‌സിൻ മികച്ച ഫലം നൽകുന്നുണ്ടെന്ന് ഫൈസർ അറിയിച്ചു. മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് വാക്‌സിൻ മികച്ച ഫലം നൽകുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നത്.
രണ്ടാം ഘട്ട പരീക്ഷണത്തിൽ തന്നെ വാക്‌സിൻ കൊറോണയെ മികച്ച രീതിയിൽ പ്രതിരോധിക്കുന്നതായി കമ്പനി കണ്ടെത്തിയിരുന്നു. തുടർന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിലെ ആദ്യ ഫലങ്ങൾ തന്നെ മികച്ചതാണെന്ന് ഫൈസർ കമ്പനി മേധാവി ആൽബെർട്ട് ബൗർല പ്രസ്താവനയിൽ വ്യക്തമാക്കുന്നു. എംആർഎൻ അടിസ്ഥാനമാക്കി നിർമ്മിച്ച വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ. ആറ് രാജ്യങ്ങളിലെ 43,500 പേരിലാണ് നിലവിൽ വാക്‌സിൻ പരീക്ഷണം പുരോഗമിക്കുന്നത്.
ആഗോളതലത്തിലുണ്ടായ ആരോഗ്യ പ്രതിസന്ധി മറികടക്കുന്നതിനുള്ള നിർണ്ണായക ഘട്ടത്തിൽ എത്തിയതായി ആർബെർട്ട് ബൗർല പറഞ്ഞു. ലോകം ആവശ്യപ്പെടുന്ന സമയത്താണ് കമ്പനി വാക്‌സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്. മരണ സംഖ്യയും ഉയരുന്നു. ആഗോളതലത്തിൽ ഈ വർഷം 50 മില്യൺ ഡോസുകൾ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം 1.3 ബില്യൺ ഡോസുകൾ വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം അറിയിച്ചു.
Post Your Comments