Latest NewsKeralaNews

ദേശീയ അന്വേഷണ ഏജൻസികളെ തടയാൻ നിയമസഭയെ ദുരുപയോ​ഗിക്കുന്നു: കെ.സുരേന്ദ്രൻ

കൊച്ചി: ദേശീയ അന്വേഷണ ഏജൻസിയെ തടയാൻ നിയമസഭയെ ദുരുപയോ​ഗിക്കുകയാണ് പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു അഴിമതി കേസ് അന്വേഷിക്കുന്നത് എങ്ങനെയാണ് നിയമസഭയുടെ അവകാശ ലംഘനമാവുന്നതെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന തർക്കമായി കേസ് അന്വേഷണത്തെ മാറ്റി പിണറായി വിജയൻ ഇരപരിവേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. പൊലീസിനെയും ബാലാവകാശ കമ്മീഷനെയും ഉപയോ​ഗിച്ച് ദേശീയ ഏജൻസികളെ തടയാൻ ശ്രമിക്കുകയാണ്. ബാലാവകാശ കമ്മീഷൻ പാർട്ടി കമ്മീഷനാണ്. നിയമ സംവിധാനത്തെ അട്ടിമറിക്കാൻ സർക്കാർ മിഷനറിയെയാണ് ഉപയോ​ഗിക്കുന്നത്, അദ്ദേഹം പറഞ്ഞു.

Read Also : “കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്‌ഷ്യം വയ്ക്കുന്നു” ; വമ്പൻ പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം 

അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ ഹാജരാവുന്നതിന് മുമ്പ് ചിലർക്ക് കൊവിഡ് വരുന്നതും സംശയകരമാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി അഭിഭാഷകരെ വരുത്തിയാണ് വടക്കാഞ്ചേരി ലൈഫ് കേസിൽ സി.ബി.ഐ അന്വേഷണത്തെ എതിർത്തത്. അഡീഷണൽ സെക്രട്ടറി രവീന്ദ്രനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പാർട്ടിയും സർക്കാരും തമ്മിലുള്ള പാലമാണ് രവീന്ദ്രൻ. പല കരാറുകളുടേയും പിന്നിൽ രവീന്ദ്രനാണ്. പിണറായിയും കൊടിയേരിയും ഉൾപ്പെടെയുള്ള സി.പിഎം നേതാക്കളുടെ സന്തത സഹചാരിയാണ് അദ്ദേഹം. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി നിരന്തരം ബന്ധം പുലർത്തിയെന്നാണ് രവീന്ദ്രനെതിരായ ആരോപണം. സി.പി.എം നേതാക്കൾക്ക് രവീന്ദ്രന്റെ കാര്യത്തിൽ കയ്യൊഴിയാനാവില്ല. രവീന്ദ്രൻ സി.പി.എം നോമിനിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് റെയിഡ് നടന്നപ്പോൾ എന്ത് ബാലാവാകാശ ലംഘനമാണ് ഉണ്ടായത്? അതേ ദിവസം ആറുവയസുകാരിയായ കൊച്ചുകുഞ്ഞ് കോഴിക്കോട് പീഡനത്തിനിരയായിട്ട് കമ്മീഷൻ എന്തുകൊണ്ട് പോയില്ല? കേരളത്തിലെ കുട്ടികൾക്ക് എതിരായ അതിക്രമങ്ങളിൽ എന്ത് നടപടിയാണ് ബാലാവകാശ കമ്മീഷൻ ഇതുവരെ എടുത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ഷൈജു കെ.എസ് എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button