KeralaLatest News

അടിമാലിയിലെ ബസ്‌ ഉടമയുടെ കൊലപാതകം: അറസ്‌റ്റ് ഉടന്‍

വയറിലും നെഞ്ചിലും കത്തികൊണ്ടു കുത്തേറ്റ ബോബന്‍ ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു.

അടിമാലി: പട്ടാപ്പകല്‍ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡില്‍ ബസ്‌ ഉടമയെ കുത്തി കൊലപ്പെടുത്തിയ പ്രതിയെ വൈകാതെ അറസ്‌റ്റ്‌ ചെയ്യും. ബൈസണ്‍വാലി നടുവിലാംകുന്നേല്‍ ബോബന്‍ ജോര്‍ജി(ജോപ്പന്‍ -37) നെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇരുമ്പ് പാലം സ്വദേശിയെയും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരനായ തെക്കേടത്ത്‌ മനീഷിനെയുമാണ്‌ രണ്ടു ദിവസത്തിനകം അറസ്‌റ്റ്‌ ചെയ്യുക.

തലയ്‌ക്കും കൈയ്‌ക്കും പരുക്കേറ്റ മനീഷ്‌ പോലീസ്‌ കാവലില്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇയാളുടെ മൊഴിയെടുത്തിട്ടുണ്ട്‌.ബോബന്റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ രാത്രി എട്ടോടെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ 9.30 ന്‌ ബൈസണ്‍വാലി ടൗണ്‍ പള്ളിയില്‍ സംസ്‌കാരം നടക്കും. വയറിലും നെഞ്ചിലും കത്തികൊണ്ടു കുത്തേറ്റ ബോബന്‍ ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു.

ഹൃദയത്തിനേറ്റ മാരകമായ മുറിവാണ്‌ മരണകാരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായിട്ടുണ്ട്‌. ഹൃദയം തുളഞ്ഞ നിലയിലായിരുന്നെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രതിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ അടിമാലി സി.ഐ: അനില്‍ ജോര്‍ജ്‌ പറഞ്ഞു. വൈകാതെ ഇയാളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തും.കൊലപാതകശ്രമം അടക്കം വിവിധ കേസുകളില്‍ പ്രതിയാണിയാള്‍. ഇന്നലെ നിരവധിപേരില്‍നിന്ന്‌ പോലീസ്‌ വിവരങ്ങള്‍ ശേഖരിച്ചു.

ബസ്‌ സ്‌റ്റാന്‍ഡില്‍ കത്തിക്കുത്ത്‌ നടക്കും മുന്‍പ്‌ ഇരുവരുടെയും പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചനടത്തിയ സമീപത്തെ സ്‌പെയര്‍ പാര്‍ട്‌സ്‌ കടയുടമയെ രണ്ടാംവട്ടവും ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു.ഇവര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെയും കത്തിക്കുത്തിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബോബനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി ആരോപണം ഉയര്‍ന്നു.

എന്നാല്‍ ഹൃദയത്തിലേറ്റ മുറിവില്‍നിന്ന്‌ ഒന്നരലിറ്ററോളം രക്‌തം വാര്‍ന്നുപോയതാണ്‌ നില വഷളാകാന്‍ കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു.
കൊലപാതകത്തിനുപയോഗിച്ച കത്തി പ്രതിയുടെ കൈവശം ഉണ്ടായിരുന്നതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ബോബന്‍ തിരിച്ച്‌ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി സ്‌പെയര്‍പാര്‍ട്‌സ്‌ കടയില്‍നിന്ന്‌ എടുത്തതാണെന്നാണ്‌ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button