തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലും സുഹൃത്തുകളുടെ വീട്ടിലും കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് റെയ്ഡ് നടത്തിയിരുന്നു. മരുതുംകുഴിയിലെ ‘കോടിയേരി’ വീട്ടില്‍ നടന്ന റെയ്ഡും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളും ഏറെ വിവാദമായിരുന്നു.
എന്നാല്‍ അതിലേറെ നാടകീയമായ രംഗങ്ങളാണ് ഇന്നലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ബിനീഷിന്റെ ഭാര്യ റെനീറ്റയും മാതാവ് മിനി പ്രദീപും നടത്തിയത്. റെയ്ഡിനിടെ റെനീറ്റ, മാതാവ് മിനി, രണ്ടരവയസ്സുള്ള റെനീറ്റയുടെ കുട്ടി എന്നിവരെ മാനസികമായും ശാരീരികമായും ഇഡി ഉപദ്രവിച്ചു എന്നുകാട്ടി ഇഡി ഡയറക്ടര്‍ക്ക് റെനീറ്റയുടെ പിതാവ് പ്രദീപ് പരാതി നല്‍കിയതിന്റെ കൂടെ അടിസ്ഥാനത്തിലും കഴിഞ്ഞ ദിവസത്തെ റെയ്ഡിന്റെ പശ്ചാത്തലത്തിലുമായിരുന്നു ചാനല്‍ ചര്‍ച്ചകള്‍.
ചാനല്‍ ചര്‍ച്ചകളില്‍ ഈ വിഷയത്തില്‍ റെനീറ്റയും മാതാവ് മിനിയുമാണ് പങ്കെടുത്തത്. നേരത്തെ ഇഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്ന പരാതികള്‍ ഉയര്‍ന്നുവെങ്കിലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത മിനിയും റെനീറ്റയും ഇതു സാധൂകരിച്ചില്ല. നേരത്തെ റെനീറ്റയുടെ പിതാവ് പ്രദീപ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത് വൈകിട്ടോടെ വീട്ടിലുണ്ടായിരുന്ന തന്നെ ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കി എന്നായിരുന്നു.
എന്നാല്‍ തന്റെ ആവശ്യപ്രകാരം പിതാവിനെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നും താന്‍ പറഞ്ഞതിന്‍ പ്രകാരമാണ് ഇഡി പ്രദീപിനെ പോകാന്‍ അനുവദിച്ചതെന്നും റെനീറ്റ ഏഷ്യാനെറ്റ് ന്യൂസില്‍ പറഞ്ഞു. തനിക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടായെന്നും എന്നാല്‍ ശാരീരികമായ യാതൊരു പീഡനവും ഉണ്ടായില്ലെന്നും റെനീറ്റ പറയുന്നു.വീട്ടിലേക്ക് വിളിച്ചു വരുത്തിയ തന്നോട് സെര്‍ച്ച് വാറണ്ട് കാണിച്ചുവെന്നും അതില്‍ ഒപ്പിടിവിച്ചുവെന്നും റെനീറ്റ പറഞ്ഞു.
നിയമപ്രകാരം തങ്ങള്‍ റെയ്ഡിനാണ് വന്നതെന്നും തങ്ങളുടെ കയ്യില്‍ എന്തെങ്കിലുമുണ്ടോയെന്നു പരിശോധിക്കാന്‍ അവര്‍ പറഞ്ഞിരുന്നുവെന്നും റെനിറ്റയുടെ മാതാവ് മറ്റൊരു ചാനലില്‍ പറഞ്ഞു. ഇതോടെയാണ് രാവിലെ വീട്ടില്‍ നടന്ന പലതും നാടകമാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞത്.നേരത്തെ ബിനീഷിന്റെ ഭാര്യയെയും മകളെയും തടങ്കലിലാക്കിയെന്ന ഒരു പ്രതീതി വരുത്താന്‍ ഇന്നലെ നടന്ന കാര്യങ്ങള്‍ സഹായിച്ചിരുന്നു.
മാധ്യമങ്ങളുടെ ഇടപെടലിലൂടെ ഇതു ഒരുപരിധിവരെ പ്രചരിപ്പിക്കാന്‍ സിപിഎമ്മിനും കഴിഞ്ഞു. ഈയൊരു ആത്മവിശ്വാസത്തിലാണ് റെനീറ്റയെയും മാതാവിനെയും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കമാണ് ഇവരുടെ പരസ്പര വിരുദ്ധമായ മറുപടികളിലൂടെ പൊളിഞ്ഞത്. ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച ചോദ്യം ഉയര്‍ന്നതിനിടെ മനോരമ, മാതൃഭൂമി ചാനലുകളില്‍ പ്രതികരിച്ച റെനീറ്റയുടെ മാതാവ് ഉയര്‍ത്തിയ മറുചോദ്യമാണ് ഇന്നു സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച.
‘കാര്‍ഡ് തങ്ങളുടെ കയ്യിലുണ്ടായിരുന്നെങ്കില്‍ അതു കത്തിച്ചു കളയില്ലായിരുന്നോ; തെളിവു നശിപ്പിക്കില്ലായിരുന്നില്ലേ ‘ എന്നാണ് മിനി ചാനല്‍ അവതാരകരോട് ചോദിച്ചത്.
റെയ്ഡ് നടക്കുമെന്ന കാര്യം തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്നും ബിനീഷുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമെന്നും അറിയാമായിരുന്നെന്നും മിനി പ്രദീപ് പറഞ്ഞു. സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഇതു അറിയില്ലേയെന്നും മിനി പറഞ്ഞു. ചുരുക്കത്തിൽ ബിനീഷിനു കൂടുതൽ കുരുക്കാണ് ഇരുവരുടെയും ചർച്ച മൂലം ഉണ്ടായത്.
Post Your Comments