ആലപ്പുഴ : രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ യുവകലാകാരനോടും അദ്ദേഹത്തിന്റെ ശില്പങ്ങളോടും കടുത്ത അവഗണനയെന്ന് പരാതി. ആലപ്പുഴ സ്വദേശി അജയന്‍ വി.കാട്ടുങ്ങലിനോടും അദ്ദേഹത്തിന്റെ ശില്‍പങ്ങളോടുമാണ് കടുത്ത അവഗണന. ചെയ്യുന്ന ജോലിക്ക് കൂലി ചോദിച്ചതോടെ താന്‍ സിപിഎം നേതാക്കളുടെ ശത്രുവായി മാറിയെന്നും അതിന്റെ പ്രതികാരമാണ് തന്റെ എല്ലാ കലാസൃഷ്ടികളോടും കാണിക്കുന്ന അവഗണനയെന്നും അജയന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ട്ടി താല്‍പര്യങ്ങള്‍ അനുസരിക്കാത്തതിന്റെ പേരില്‍ മന്ത്രി തോമസ് ഐസക് ഉള്‍പ്പടെ പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അജയന്റെ 18 ശില്‍പങ്ങളാണ് ആലപ്പുഴയില്‍ അനാഥമായി കിടക്കുന്നത്. ആലപ്പുഴ തുറമുഖ മ്യൂസിയത്തിന് വേണ്ടി നിര്‍മിച്ച ഗാന്ധിജിയുടെ പ്രതിമ, സര്‍ക്കാര്‍ വകുപ്പുമായി കരാറൊപ്പിട്ട് നിര്‍മാണം മുന്നോട്ടു പോകുമ്പോഴാണ് മന്ത്രി തോമസ് ഐസക്കിന് താല്‍പര്യമില്ലെന്ന് അറിഞ്ഞെതെന്നും അജയന്‍ പറയുന്നു.
നിരവധി ശില്പങ്ങള്‍ ഇത്തരത്തില്‍ പാര്‍ട്ടി അവഗണനയില്‍ പുറത്തെത്താതെ കിടക്കുകയാണ്. കരാര്‍ ഒപ്പിട്ട് ശില്പങ്ങള്‍ നിര്‍മിക്കുകയും എന്നാല്‍ പിന്നീട് ശില്പങ്ങളെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരം 16 വര്‍ഷം മുന്‍പ് നിര്‍മിച്ച ടി.വി.തോമസിന്റെ വലിയ പ്രതിമ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ തര്‍ക്കം കാരണം ഇതുവരെ ഏറ്റെടുത്തില്ലെന്ന് അദ്ദേഹം പറയുന്നു.
4 വര്‍ഷം മുന്‍പ് മെഗാടൂറിസം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ കനാല്‍തീരത്ത് 11 ശില്‍പങ്ങള്‍ നിര്‍മിച്ചു. എന്നാല്‍ രണ്ടെണ്ണം ഇപ്പോഴും മൂടിയിട്ടിരിക്കുകയാണെന്നും അജയന്‍ പറയുന്നു. രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ കടുത്ത അവഗണനയാണ് സിപിഎം കാണിക്കുന്നതെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
Post Your Comments