കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റ് ഭീകരരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് തലയ്ക്ക് 2ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ വേൽമുരുകൻ. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി അറിയിച്ചു. ഇയാൾക്കെതിരെ തമിഴ്‌നാട്, ഒഡീഷ, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വേൽമുരുകനെ അറസ്‌ററ് ചെയ്യാൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ തമിഴ്‌നാട് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷൻ പരിധിയിൽ രാവിലെ 9. 15 ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്. കബനിദളം എന്ന പേരിലുള്ള കമ്യൂണിസ്റ്റ് ഭീകരരെ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി മേഖലയിൽ തമ്പടിച്ചിരിക്കുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ ഭീകരസംഘം പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആദ്യം വെടിയുതിർത്തത് ഭീകരരാണ്.
സ്വയം രക്ഷാർത്ഥമാണ് പോലീസ് തിരിച്ചു വെടിവച്ചതെന്ന് പോലീസ് വ്യക്തമാക്കി. 18 പേരടങ്ങുന്ന തണ്ടർബോൾട്ട് സംഘമാണ് പ്രദേശത്ത് ചൊവ്വാഴ്ച പട്രോളിങ് നടത്തിയിരുന്നത്. സംഭവം നടന്ന സ്ഥലത്ത് തോക്കുകളും രക്തക്കറകളും കണ്ടെത്തി.
Post Your Comments