തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്ക് ഇനി സർക്കാരിന്റെ അനുമതിയില്ലാതെ കേസുകള്‍ എടുക്കാന്‍ സാധിക്കില്ല. സിബിഐ അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതു സമ്മതിച്ച തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക. സിബിഐക്ക് നേരത്തെ അനുമതിയില്ലാതെ കേസെടുക്കാനുള്ള പൊതുസമ്മതം നല്‍കിയിരുന്നു സംസ്ഥാനസര്‍ക്കാര്‍. ആ അനുമതി പത്രമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. സിപിഎം കേന്ദ്ര കമ്മറ്റിയുടെ അനുമതിയോടു കൂടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നത്.
എന്നാൽ കേരളത്തില്‍ സിബിഐയെ വിലക്കണമെന്ന് സിപിഎം. പൊളിറ്റ് ബ്യൂറോയും നേരത്തെ നിര്‍ദേശിച്ചിരുന്നു. സിബിഐ. അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പി.ബി. നിര്‍ദേശിച്ചത്. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്ബോഴോ ഇത് ബാധകമാവില്ല. ഇത് എക്സിക്യൂട്ടീവ് ഓര്‍ഡറായി നിലവില്‍ വരും.
Read Also: കോടിയേരി ഒഴിയില്ല; പ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കുമെന്ന് സിപിഎം
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയുടെ നിര്‍ദേശപ്രകാരമോ സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെ സിബിഐ അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സിബിഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
2017-ലാണ് സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്. അതേസമയം, സിബിഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തുടര്‍ന്നും അന്വേഷണം തുടരാം. അതേസമയം സിബിഐക്ക് പുറമേ ഇഡിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സര്‍ക്കാരിന്റെ അഭിമാന പദ്ധതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്താനൊരുങ്ങുന്ന അന്വേഷണത്തിനു തടയിടാന്‍ വഴിതേടി സര്‍ക്കാര്‍. അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയെന്നാണു സൂചനകള്‍. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കൈമാറുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, വിവരാവകാശ നിയമപ്രകാരം ഏതൊരാളും ചോദിച്ചാല്‍ സര്‍ക്കാര്‍ നല്‍കാന്‍ ബാധ്യസ്ഥമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സിബിഐ അന്വേഷണത്തിനു താല്‍ക്കാലികമായെങ്കിലും തടയിട്ടതു പോലെ ഇഡിയോടു സര്‍ക്കാരിനു മുഖം തിരിക്കാന്‍ കഴിയില്ലെന്നാണു നിയമവിദഗ്ധരുടെ പക്ഷം. എം.ശിവശങ്കര്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ സമ്ബാദ്യവും നിക്ഷേപവും എവിടെ നിന്നു വന്നുവെന്നു കണ്ടെത്തേണ്ടതു കേസിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ശിവശങ്കര്‍ ഇതേക്കുറിച്ചു മറുപടി നല്‍കുന്നില്ല. ഇതേത്തുടര്‍ന്നാണു ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ നിലകളില്‍ നടത്തിയ മുഖ്യ ഇടപെടലുകള്‍ ഇഡി പരിശോധിക്കുന്നത്.
Post Your Comments