Latest NewsKeralaIndia

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിനെ തിരിച്ചറിഞ്ഞു

മധുര കോടതിയില്‍ അഭിഭാഷകനാണ് ഇദ്ദേഹത്തിന്റെ സഹോദരനെന്നും ക്യൂ ബ്രാഞ്ച് പുറത്തുവിട്ട വിവരങ്ങളിലുണ്ട്.

കല്‍പ്പറ്റ: വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോവാദി നേതാവ് വേല്‍മുരുകന്‍. കാപ്പിക്കളത്ത് ഭാസ്കരന്‍ മലയിലാണ് തണ്ടര്‍ബോള്‍ട്ട് വെടിവയ്പ്പില്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. എപ്പോള്‍ പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടു പോവുമെന്ന് സൂചനയില്ല.ചിത്രം പുറത്തുവിട്ടത് തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ്. മധുര കോടതിയില്‍ അഭിഭാഷകനാണ് ഇദ്ദേഹത്തിന്റെ സഹോദരനെന്നും ക്യൂ ബ്രാഞ്ച് പുറത്തുവിട്ട വിവരങ്ങളിലുണ്ട്.

മീന്‍ മുട്ടി വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള വാളാരം കുന്നിലാണ് സംഭവം നടന്നത്. മാനന്തവാടി എസ്‌ഐ ബിജു ആന്‍റണിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ആദ്യം മാവോയിസ്റ്റു സംഘം വെടിവച്ചു എന്നാണ് എഫ്‌ഐആര്‍. ആത്മരക്ഷാര്‍ത്ഥം തണ്ടര്‍ബോള്‍ട്ട് തിരികെ വെടിയുതിര്‍ത്തുവെന്നും സംഘത്തില്‍ ഉണ്ടായിരുന്നത് അഞ്ചില്‍ അധികം പേരാണെന്നും എഫ്‌ഐആറില്‍ പറയുന്നു. മരിച്ചയാളുടെ പക്കലുണ്ടായിരുന്നത് .303 റൈഫിളാണെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെന്നും എഫ്‌ഐആറില്‍.

രാവിലെ 9 മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുവെന്നും പൊലീസ് പറയുന്നു. പരസ്‍പരം വെടിവെച്ചതിന് ശേഷം പിന്നീട് സ്ഥിതി ശാന്തമായപ്പോള്‍ നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് നിലത്തു മരിച്ച്‌ കിടക്കുന്ന നിലയിലൊരാളെ കണ്ടതെന്നാണ് എഫ്‌ഐആറിലെ വിശദീകരണം. അതെ സമയം ഇടതു സര്‍ക്കാരിന്റെ കാലത്ത് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് എട്ടു പേര്‍.

read also: വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ച നേതാവിനെതിരെ പരാതി നല്‍കിയ പാര്‍ട്ടി അംഗത്തിനെതിരെ നടപടിക്ക് ഒരുങ്ങി സി പി എം … അശ്ലീല സന്ദേശം അയച്ച നേതാവ് തലഉയര്‍ത്തി നടക്കുന്നു

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 2016 നവംബറിലായിരുന്നു രണ്ടുപേര്‍ കൊല്ലപ്പെട്ട ആദ്യ ഏറ്റുമുട്ടല്‍. ഒടുവില്‍ ഈ സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു തൊട്ടുമുന്‍പ് മറ്റൊരു നവംബറില്‍ ഒരു മാവോയിസ്റ്റ് കൂടി തണ്ടര്‍ബോള്‍ട്ട് സേനയുടെ തോക്കിനിരയായി.കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി കെ സേതുരാമന്‍, നക്സല്‍ വിരുദ്ധസേന മേധാവി ചൈത്ര തെരേസ ജോണ്‍ , വയനാട് ജില്ലാ പോലിസ് മേധാവി ജി പൂങ്കുഴലി, വയനാട് സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതേഹ പരിശോധന നടന്നത്.

സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് പ്രവേശിക്കാനായില്ല.കൊല്ലപ്പെട്ട വേല്‍മുരുകന്‍ തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം സ്വദേശിയാണ്. മധുര ലോ കോളജ് വിദ്യാര്‍ഥിയായിരിക്കേയാണ് അദ്ദേഹം മാവോവാദി പ്രവര്‍ത്തനത്തില്‍ പങ്കാളിയായി ഒളിവില്‍ പോകുന്നത്. 36 വയസുണ്ടെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. സഹോദരന്‍ അഡ്വ. മുരുകന്‍ തമിഴ്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകനാണ്.

shortlink

Post Your Comments


Back to top button