കോട്ടയം: സ്വര്‍ണകള്ളക്കടത്തും ലൈഫ് മിഷനും ബംഗളൂരു മയക്കുമരുന്ന് കേസുകളെല്ലാം ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചതിനെ തുടര്‍ന്ന് സത്യമെല്ലാം പുറത്തുവന്നു, സിപിഎമ്മിന്റെ കപടമുഖം ജനങ്ങളറിഞ്ഞു. ദേശീയ ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര ഏജന്‍സികളുടെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ല. ഞാന്‍ പറയുന്ന പോലെ അന്വേഷണം നടക്കണമെന്ന് മുഖ്യമന്ത്രി വിചാരിച്ചാല്‍ അത് നടപ്പില്ലെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഭീഷണിയുമായി ഇറങ്ങുകയാണ്. വിരട്ടലും ഭീഷണിയും കൊണ്ട് അന്വേഷണത്തിന് തടസം നിന്നാല്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കും. കരാറുകളും എം.ഒ.യുവുമെല്ലാം ഉണ്ടാക്കി പാര്‍ട്ടി ഓഫീസില്‍ വെക്കാനുള്ളതല്ല. കരാറുകളൊക്കെ സുതാര്യമാക്കണം. ദേശീയ അന്വേഷണ ഏജന്‍സികള്‍ സത്യത്തോടടുക്കുമ്പോള്‍ മുഖ്യമന്ത്രി പരിഭ്രാന്തനാകുന്നു. സമനിലതെറ്റി വലിയ ഹാലിളക്കത്തോടെ അന്വേഷണ ഏജന്‍സികള്‍ അതിരുവിടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ അട്ടിമറിക്കുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആവശ്യമില്ലാത്ത സ്ഥലത്തേക്ക് വന്നാല്‍ അന്വേഷണ ഏജന്‍സികളെ നേരിടുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടിന് സംസ്ഥാന സര്‍ക്കാരുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞ മുഖ്യമന്ത്രിയുടെ എല്ലാവാദങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് പ്രതിചേര്‍ത്തതോടെ പൊളിഞ്ഞു.
പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയെയല്ല അതിന്റെ പേരില്‍ നടന്ന അഴിമതിയെയാണ് ബി.ജെ.പി എതിര്‍ക്കുന്നത്. വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയും ശിവശങ്കരനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമാണ്. ഇവര്‍ ഇതിനായി വിദേശത്തേക്ക് പോയത് ഒരുമിച്ചാണ്. ലൈഫ് തട്ടിപ്പിന്റെ കമ്മീഷനായ കറന്‍സി നോട്ടുകള്‍ ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് എല്ലാവരും സ്ഥിരീകരിച്ചു കഴിഞ്ഞു. ഇ.ഡിയും സി.ബി.ഐയുമല്ലാതെ ആരാണ് ഈ കേസ് ഏറ്റെടുക്കേണ്ടതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതുകൊണ്ടാണ് ഇ.ഡി അന്വേഷിക്കുന്നത്. ഒരു അഴിമതി കേസില്‍ അന്വേഷണം നടത്തുന്നത് ഫെഡറല്‍ ലംഘനമാവുന്നതെങ്ങനെയാണ്.
Post Your Comments