തൃശൂര്‍: ബിഎസ്എന്‍എല്‍ ഇനി 4ജിയിലേക്ക്. നെറ്റ്വര്‍ക്ക് ഒരുക്കാന്‍ ‘അവിയല്‍ കമ്പനി’യ്ക്ക് ശിപാര്‍ശ. നേരത്തേ 4ജി ടെന്‍ഡര്‍ റദ്ദാക്കിയശേഷം കേന്ദ്ര ടെലികോം വകുപ്പ് രൂപവത്കരിച്ച സമിതിയാണ് ഇത്തരമൊരു കമ്പനിയുണ്ടാക്കണമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാൽ 4ജി ഒരുക്കാന്‍ പലയിടത്തുനിന്നായി ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും വാങ്ങി സംയോജിപ്പിക്കുന്ന ‘സിസ്റ്റം ഇന്റഗ്രേറ്റര്‍’ കമ്പനി രൂപവത്കരിക്കാനാണ് ശിപാര്‍ശയെന്ന് ബി.എസ്.എന്‍.എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഈ കമ്പനിയായിരിക്കും 4ജി നെറ്റ്വര്‍ക്ക് തയാറാക്കുന്നതും പരിപാലിക്കുന്നതും.
അതേസമയം സ്വകാര്യ ടെലികോം കമ്പനികള്‍ ഒറ്റ കേന്ദ്രത്തില്‍നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ നെറ്റ്വര്‍ക്ക് സാമഗ്രികള്‍ സമാഹരിക്കുമ്പോള്‍, ഈ സൗകര്യം ബി.എസ്.എന്‍.എല്ലിന് നിഷേധിക്കുകയാണ്. ഒന്നിലധികം സ്ഥാപനങ്ങള്‍ ഇടപെടുമ്പോള്‍ ഭാവിയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിര്‍ത്തിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ചൈനീസ് കമ്പനികളെ മാറ്റിനിര്‍ത്താനെന്ന പേരിലാണ് ബി.എസ്.എന്‍.എല്ലിന്റെ 4ജി ടെന്‍ഡര്‍ നടപടികള്‍ കേന്ദ്രം റദ്ദാക്കിയത്. സ്വകാര്യ കമ്പനികള്‍ക്ക് എവിടെനിന്നും സാമഗ്രമികള്‍ വാങ്ങാം.
Read Also: ജെയിംസ് ബോണ്ട് നായകന് വിടവാങ്ങി
എന്നാല്‍, ബി.എസ്.എന്‍.എല്‍ തദ്ദേശീയ സാമഗ്രികള്‍തന്നെ വാങ്ങണമെന്ന് നിബന്ധനവെക്കുകയായിരുന്നു. 4ജി നെറ്റ്വര്‍ക്കിനുള്ള റേഡിയോ, കോര്‍ ഉല്പന്നങ്ങള് ഉല്പാദിപ്പിക്കുന്നതില് മികവ് തെളിയിച്ച കമ്പനികള്‍ ഇന്ത്യയിലില്ല. ഈ സാഹചര്യത്തിലാണ് ‘സിസ്റ്റം ഇന്റഗ്രേറ്റര്‍’ രൂപവത്കരിക്കുന്നത്. ബി.എസ്.എന്‍.എല്ലിനെ ഇല്ലാതാക്കാന്‍ ബോധപൂര്‍വം നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇതെന്ന് എംപ്ലോയീസ് യൂനിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി. അഭിമന്യു അഭിപ്രായപ്പെട്ടു. ബി.എസ്.എന്‍.എല്ലിനെ ഇല്ലാതാക്കാന്‍ ആഴത്തിലുള്ള ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments