ലഖ്‌നോ : സ്ത്രീകളെ ബഹുമാനിക്കേണ്ടതിനെപ്പറ്റി ആണ്‍കുട്ടികളെ ബോധവത്കരിക്കുന്നതിനായി ഈ വിഷയം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി യു.പി സര്‍ക്കാര്‍. പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലെ സിലബസില്‍ ഇക്കാര്യം ഉള്‍പ്പെടുത്താനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
മിഷന്‍ ശക്തി എന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സിലബസും പരിഷ്‌കരിക്കുന്നത്. പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും അവരില്‍ സ്വാശ്രയ ശീലം വളര്‍ത്തുന്നതിനും അവര്‍ക്ക് സുരക്ഷയും ബഹുമാനവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള വിവിധ നടപടികള്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഒക്ടോബര്‍ 25 വരെ നീളുന്ന ഇതിന്റെ ഒന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 6,349 കോളേജുകളിലെ 5,57,883 വിദ്യാര്‍ഥികള്‍ക്ക് വെബിനാറുകളിലൂടെ ബോധവത്കരണം നടത്തി.
രണ്ടാംഘട്ടത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പോര്‍ട്ടല്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ നൈപുണ്യ വികസനം, പരിശീലനം, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയും സര്‍ക്കാര്‍ മുന്നില്‍കാണുന്നു.
പാഠ്യപദ്ധതിയില്‍ മാറ്റംവരുത്താനുള്ള തീരുമാനത്തെ രക്ഷിതാക്കള്‍ സ്വാഗതം ചെയ്യുന്നുവെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ആണ്‍കുട്ടികളുടെ ചിന്താഗതിയില്‍ മാറ്റംവരുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ് യോഗി സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തക വര്‍ഷ വര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആണ്‍കുട്ടികളില്‍ ധാര്‍മിക മൂല്യത്തിന്റെ വിത്തുവിതയ്ക്കാന്‍ ഇതിലൂടെ കഴിയും. ധീര വനിതകളെക്കുറിച്ചും അവരുടെ വിജയകഥകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു.
Post Your Comments