KeralaLatest NewsNews

സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ വിവിധ ജില്ലകളില്‍ നവംബര്‍ 15 വരെ നീട്ടി കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടു. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, കൊല്ലം, മലപ്പുറം, പത്തനംതിട്ട,ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍മാരാണ് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി ഉത്തരവിറക്കിയത്.

സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് തീരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം ജില്ലാ കളക്ടര്‍ക്ക് എടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി വിവിധ ജില്ലാ കളക്ടര്‍മാരുടെ ഉത്തരവ് പുറത്തു വന്നത്.

ഒക്ടോബര്‍ മൂന്നിന് രാവിലെ ഒന്‍പത് മണിക്കാണ് സംസ്ഥാന വ്യാപകമായി ജില്ലാ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31-ന് രാത്രി 12 വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇത് ഇന്ന് തീരുകയാണ്. ഇതോടെയാണ് 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടത്.

* നിരോധനാജ്ഞ ഉള്ള ജില്ലകളിലെ നിയന്ത്രണങ്ങള്‍

പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്

സര്‍ക്കാര്‍ ചടങ്ങുകള്‍ മതപരമായ ചടങ്ങുകള്‍ പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ-സാമൂഹ്യ പരിപാടികള്‍ എന്നിവയില്‍ 20 പേര്‍ മാത്രം

വിവാഹം-മരണം സംബന്ധിച്ച ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം അനുമതി

അതേസമയം പിഎസ് സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പൊതുഗതാഗതത്തിന് തടസ്സമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ ഹോട്ടലുകള്‍ എന്നിവയെല്ലാം കോവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. പൊതുചന്തകള്‍ അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ഉത്തരവ് നടപ്പായെന്ന് ഉറപ്പു വരുത്തേണ്ട ചുമതല പൊലീസിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button