്
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിലുള്ള ഒന്നാണ് ഓട്‌സ്. കലോറിയും കൊളസ്‌ട്രോളും വളരെ കുറഞ്ഞ ഭക്ഷണമാണിത്. ധാരാളം നാരുകള്‍ അടങ്ങിയ ഓട്‌സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ കഴിക്കാവുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ക്കും പ്രമേഹ രോഗികള്‍ക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്. അതുകൊണ്ടു തന്നെ അധിക ആളുകളും ഇന്ന് ഓട്സ് ശീലമാക്കി കഴിഞ്ഞു. എന്നാല്‍ ആരോഗ്യ സംരക്ഷണത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചര്‍മ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു.
കുളിക്കാനുള്ള ചൂടുവെള്ളത്തില്‍ ഇത്തിരി ഓട്‌സ് ചേര്‍ത്താല്‍ അത് വരള്‍ച്ചയില്‍ നിന്നും ശരീരത്തെ സംരക്ഷിച്ച് മൃദുവാക്കാന്‍ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ഓട്സ് പൊടിച്ചതും ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും അര ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം ഉണ്ടാക്കി മുഖത്ത് പുരട്ടിയാല്‍ മുഖത്തെ ചുളിവുകള്‍ മാറി കിട്ടും. ഇവ പുരട്ടിയ ശേഷം അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യണം. ശേഷം ഇത് കഴുകിക്കളയാം. ഇതിലൂടെ മുഖത്തിന് നല്ല തിളക്കവും ലഭിക്കുന്നു.
കൂടാതെ മുഖക്കുരുവിനെ പ്രതിരോധിക്കാനും ഏറെ സഹായകമായ ഒന്നാണ് ഓട്സ്. ഇതിനായി അരക്കപ്പ് ഓട്സ് അരക്കപ്പ് വെള്ളത്തോടൊപ്പം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഈ മിശ്രിതം നന്നായി തണുത്ത ശേഷം മുഖത്ത് പുരട്ടുക. ഇരുപത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാന്‍ ഇത് സഹായിക്കുന്നു. ഓട്സും തൈരും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാം. ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താന്‍ ഏറെ ഉത്തമമാണ് ഓട്‌സ്.
Post Your Comments