KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് ചോദ്യം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാൻ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വപ്‌നയും സന്ദീപുമടക്കമുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വാങ്ങുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ തെളിവുകൾ നശിപ്പിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മറക്കരുതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. എന്തൊക്കെ പറയണമെന്ന് സ്വപ്നയെ പഠിപ്പിക്കാൻ വേണ്ടിയാണ് വിജിലൻസ് കസ്റ്റഡി ആവശ്യപ്പെടുന്നത്. സ്വപ്‌ന ഒളിവിലായിരുന്നപ്പോൾ പുറത്ത് വിട്ട ശബ്ദരേഖ സി.പി.എം പഠിപ്പിച്ചുവിട്ടതാണ്. ഇപ്പോൾ കുറച്ച് ദിവസമായി അവർക്ക് അതിന് സാധിക്കുന്നില്ല. അത് മറികടക്കാനാണ് വിജിലൻസിനെ കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also : എസ് ബി ഐ ഡെബിറ്റ് കാർഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാർത്ത

ലൈഫ് മിഷൻ അഴിമതിക്കായി കരാറുകാരൻ കൊടുത്തയച്ച അഞ്ച് ഫോണുകളിൽ ഒന്ന് ലഭിച്ചത് ശിവശങ്കരനാണെന്നത് ക്രമക്കേടിലെ സർക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കുന്നയാൾ കരാറ് നൽകുന്നതിന് പകരമായി ഫോൺ കൈപ്പറ്റിയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് ഒഴിഞ്ഞുമാറാൻ സാധിക്കുക? യു.എ.ഇ കോൺസുലേറ്റും കരാറുകാരും തമ്മിലാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അങ്ങിനെയെങ്കിൽ കരാറിനായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ശിവശങ്കറിന് ലഭിച്ചത് എങ്ങിനെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ലൈഫ്മിഷൻ അഴിമതിയുടെ ഒരു പങ്ക് എങ്ങോട്ടാണ് പോയത് എന്നതിന് വ്യക്തമായ തെളിവാണ് ശിവശങ്കരന് ലഭിച്ച ഫോൺ. വടക്കാഞ്ചേരി ലൈഫ് മിഷൻ വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ പോയതും എന്തിനാണെന്ന് എല്ലാവർക്കും ബോധ്യമായി. യൂണിടാക്ക് ഉടമ നൽകിയ ഐഫോണുകൾ മറ്റൊന്ന് ആരുടെ പക്കലാണ് ഉള്ളതെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

തന്റെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായിട്ടും മുഖ്യമന്ത്രി പഴയകള്ളങ്ങൾ ആവർത്തിക്കുകയാണ്. അദ്ദേഹത്തിന് ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയാണ് ഈ കേസിലെ പ്രധാന കുറ്റവാളി. അദ്ദേഹത്തിന് രാജിയല്ലാതെ വേറെ മാർ​ഗമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മയക്കുമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകനും അറസ്റ്റിലായതിനെ കുറിച്ചുള്ള സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിശദീകരണം അപഹാസ്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ ചെലവ് നടത്തുന്നത് പിണറായിയും കൊടിയേരിയുമാണോയെന്ന് അദ്ദേഹം പരിഹസിച്ചു. മുൻആഭ്യന്തര മന്ത്രിയായിരുന്ന പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഇത്രയും ആരോപണം ഉയർന്നിട്ടും അദ്ദേഹം അറിഞ്ഞില്ലെന്ന് പറയുന്നത് അത്ഭുതമാണ്.

15 വർഷങ്ങൾക്ക് മുമ്പ് തന്നെ ബിനീഷിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവരാറുണ്ടായിരുന്നു. പാർട്ടി നേതാക്കളുടെ മക്കൾ വഴിവിട്ട മാർ​ഗത്തിൽ സഞ്ചരിക്കുമ്പോൾ ഇത്രയും തുക മുടക്കി പ്ലീനം നടത്തിയത് എന്തിനാണെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കണം. ചർച്ചകളിലും സോഷ്യൽ മീഡിയയിലും ന്യായീകരിക്കുന്ന സി.പി.എമ്മുകാരേക്കാൾ നിലവാരമില്ലാത്തതാണ് ശിവശങ്കരന്റെ അറസ്റ്റിൽ പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന. ഇത്തരം ന്യായീകരണ ക്യാപ്സൂളുകൾ ഇറക്കുന്നത് അഖിലേന്ത്യാ നേതൃത്വമാണോയെന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button