KeralaLatest NewsNews

കുമ്മനത്തെ രാഷ്ട്രീയമായി ഒതുക്കാൻ ശ്രമമോ? വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം വിശപ്പുമകറ്റാം മുടിയും മിനുക്കാം , രാജേട്ടന്‍ ഇനി മിണ്ടില്ല… എന്നിങ്ങനെയാണ് വിനോദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ച്‌ തിരിച്ചെത്തിയ ശേഷം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ താമസിച്ച കുമ്മനം രാജശേഖരനെ മുറി ഒഴിപ്പിച്ച്‌ ഇറക്കിവിട്ടത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ്.

കുമ്മനം രാജശേഖരനെ രാഷ്ട്രീയമായി ഒതുക്കാനാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതി അംഗമാക്കിയതെന്ന് ആരോപിച്ച്‌ മുന്‍ ബിജെപി നേതാവും ആര്‍എസ്‌എസുകാരനുമായ ആര്‍ എസ് വിനോദ് ആണ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കുമ്മനത്തെ ഇറക്കിവിട്ടതാണെന്നും പിന്നില്‍ നിലവിലെ സംസ്ഥാന അധ്യക്ഷനുമാണെന്ന പരാമര്‍ശമുള്ളത്. കുമ്മനത്തിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കുത്തിപ്പൊക്കിയതും പാര്‍ട്ടിയിലെ ഒരു വിഭാഗമാണെന്നും ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ കൂടിയായ ആര്‍എസ് വിനോദ് ആരോപിക്കുന്നു.

‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം വിശപ്പുമകറ്റാം മുടിയും മിനുക്കാം , രാജേട്ടന്‍ ഇനി മിണ്ടില്ല… എന്നിങ്ങനെയാണ് വിനോദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കുമ്മനം വേട്ടയാടപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. അരിയാഹാരം കഴിക്കുന്നവര്‍ മനസ്സിലാക്കട്ടെ . ജില്ലാ മജിസ്‌ട്രേറ്റ് അദ്ധ്യക്ഷനായ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ കുമ്മനത്തെ ഉള്‍പ്പെടുത്തിയതോടു കൂടി അദ്ദേഹത്തെ എന്നേക്കുമായി വായടപ്പിച്ചു. ഇനി കുമ്മനം രാഷ്രീയം പറയില്ല. ഒരു വെടിക്ക് രണ്ട് പക്ഷി.ഗവര്‍ണര്‍ പദവി കൊടുത്ത് നാടുകടത്താന്‍ ശ്രമിച്ച ക്ഷുദ്രശക്തികള്‍ തന്നെയാണ് പത്മനാഭസ്വാമിക്ഷേത്രത്തില്‍ കുമ്മനത്തെ നിയോഗിച്ചതിനു പിന്നിലെന്നും വിനോദ് ആരോപിച്ചു.

http://https://www.facebook.com/vinod.rs.39/posts/1681080475394736

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

“നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം
വിശപ്പുമകറ്റാം മുടിയും മിനുക്കാം ”
രാജേട്ടന്‍ ഇനി മിണ്ടില്ല.
രാജേട്ടനു വേണ്ടി ആരും മിണ്ടാതിരിക്കരുത് ……
എന്റെ ജീവിതത്തില്‍ ഏറെ വിഷമിച്ച ദിവസമായിരുന്നു ഇന്നലെ .
രാജേട്ടന്‍ എന്ന, രാജര്‍ഷി എന്ന, കുമ്മനം രാജേട്ടനെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇന്നലെത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഭാഷ കടം എടുത്ത് പറഞ്ഞാല്‍ കുമ്മനത്തെ “ഫിനിഷ് ” ചെയ്ത ദിവസം. “അതേ, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത് ശരിയാണ്. സമീപദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ പരിശോധിക്കുമ്ബോള്‍,

ഋഷിതുല്യനായ കുമ്മനം എന്തുകൊണ്ട് ചിലര്‍ക്ക് അനഭിമതനാവുന്നു? ഇന്ന് ജീവിച്ചിരിക്കുന്നവരില്‍,
തന്റെ ജീവിതം മുഴുവന്‍ ഒരു പ്രസ്ഥാനത്തിന് സമര്‍പ്പിച്ച ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കേരളത്തില്‍ വേറെയുണ്ടോ ? ഇല്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയാം. എപ്പോഴൊക്കെ രാജേട്ടന്‍ എന്ന മഹായോഗി ഏതെങ്കിലും മേഖലയില്‍ ഔന്നത്യം നേടുന്നുവോ അപ്പോഴെല്ലാം അദ്ദേഹം നിര്‍ദാഷണ്യം വെട്ടി നിരത്തപ്പെടുന്നു.

“വെറുതേ പറഞ്ഞതല്ലാ ഒന്ന് വെറുതേ ചരിത്രം ചികഞ്ഞാല്‍ മതി”. പണ്ട് തനിക്ക് ലഭിച്ച ജോലി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജനറല്‍ മാനേജര്‍ സ്ഥാനം പുല്ലു പോലെ വലിച്ചെറിഞ്ഞ് സമാജ സേവനത്തിനിറങ്ങിയ മനുഷ്യന്‍ പിന്നീട് ഗവര്‍ണ്ണര്‍ പദവിയും അലങ്കരിക്കുന്നത് നാം കണ്ടു.
കുമ്മനം വേട്ടയാടപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി.

എപ്പോഴൊക്കെ അദ്ദേഹത്തിന് ഉന്നത പദവികള്‍ ലഭിച്ചിട്ടുണ്ടോ അപ്പോഴേക്കും കൂര്‍ത്ത പാരകള്‍ പിന്നാലെ പോയിട്ടുണ്ട്. സാരമില്ല. കഴിഞ്ഞ ദിവസം വരെ ……
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി കുമ്മനത്തെ പോസ്റ്റ് ചെയ്തു ആരായിരുന്നു അതിന്റെ ബുദ്ധി കേന്ദ്രം.

അരിയാഹാരം കഴിക്കുന്നവര്‍ മനസ്സിലാക്കട്ടെ . ജില്ലാ മജിസ്ട്രേറ്റ് അദ്ധ്യക്ഷനായ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ കുമ്മനത്തെ ഉള്‍പ്പെടുത്തിയതോടു കൂടി അദ്ദേഹത്തെ എന്നേക്കുമായി വായടപ്പിച്ചു. ഇനി കുമ്മനം രാഷ്രീയം പറയില്ല. ഒരു വെടിക്ക് രണ്ട് പക്ഷി.

രാജേട്ടന്‍ ഇനി മിണ്ടില്ല. രാജേട്ടനു വേണ്ടിയും ആരും മിണ്ടില്ല …
രാജേട്ടനെ ഗവര്‍ണര്‍ പദവി കൊടുത്ത് നാടുകടത്താന്‍ ശ്രമിച്ച ക്ഷുദ്രശക്തികള്‍ തന്നെയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുതിയ നിയോഗത്തിന് പിന്നിലും . ഇത് വൃത്തികെട്ട കളി കണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരിക്കുന്നവര്‍ ഓര്‍ക്കുക, പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ഹോമിച്ച ധീരബലിദാനികളുടെ ചോര കൊണ്ടാണ് നിങ്ങളുടെ സിംഹാസനങ്ങള്‍ ബലപ്പിച്ചിട്ടുള്ളത്.

ഒരു മുണ്ടും ഒരു ഷര്‍ട്ടും ഒരു തോര്‍ത്തും ഒരു കറുത്ത സഞ്ചിയും മാത്രം മതി രാജേട്ടന് . എന്നെപ്പോലെ എല്ലാര്‍ക്കും അറിയുന്ന ഇത് ഇപ്പോള്‍ പറയാന്‍ ഒരു കാരണം കൂടി ഉണ്ട്. സംഘനിര്‍ദ്ദേശപ്രകാരം ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച്‌ വന്നതിന് ശേഷം തെരെഞ്ഞെടുപ്പില്‍ മത്സരിച്ച്‌ അദ്ദേഹത്തെ തോല്പിച്ചു നാണം കെടുത്തിയിട്ടും അദ്ദേഹത്തിന് സംസ്ഥാന കാര്യാലയില്‍ ഒരു മുറി ഉണ്ടായിരുന്നു.

ആ മുറിയില്‍ നിന്നും “കടക്ക് പുറത്ത് “എന്ന് പറഞ്ഞ പിണറായി വിജയനെപ്പോലുള്ള അഭിനവ മാടമ്ബി അധ്യക്ഷന്മാര്‍ സംഘടനയുടെ പതിനാറടിയന്തിരം കണ്ടിട്ടേ പോകൂ ….. സംസ്ഥാന കാര്യാലയത്തില്‍ നിന്നും ഇറക്കി വിട്ട രാജേട്ടന്‍ തന്റെ തോള്‍ സഞ്ചിയും തുണികളുമെടുത്ത് നേരേ പോയത് ആറന്മുളയിലെ ശബരി ബാലാശ്രമത്തിലേക്കാണ് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. തെറ്റുണ്ടെങ്കില്‍ തിരുത്തട്ടെ ഇറക്കി വിട്ടവര്‍.

എന്നെ പ്രതിയാക്കി വ്യാജ കോഴ ആരോപണം മെനഞ്ഞ് രാജേട്ടന്‍ അടക്കം ഉള്ള സംസ്ഥാന നേതാക്കളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയും വാര്‍ത്തകള്‍ ചാനലുകള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു. ഈ വിഷയം പാര്‍ലമെന്റിനകത്തുപോലും ചര്‍ച്ച ചെയ്യപ്പെടുന്ന വിധത്തിലേക്ക് സ്വന്തംപാര്‍ട്ടിയെ ചെളിവാരിയെറിയാന്‍ ശ്രമിച്ച ശക്തികള്‍ ഈ പ്രസ്ഥാനത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചു കൊണ്ടിരിക്കുന്നു.

കാലം മാപ്പു തരില്ല എന്ന് മാത്രമേ ഇതിനെ കുറിച്ച്‌ പറയാനുള്ളൂ . കുമ്മനത്തെ ആറന്മുളയിലെ കള്ളകേസില്‍ കുടുക്കിയത് ആരാണ് ?ഹരികൃഷ്ണന്‍ നമ്ബൂതിരി എന്നാണ് ഉത്തരമെങ്കില്‍ ആ മണ്ടത്തരം ഞാന്‍ വിശ്വസിക്കില്ല. “പാര്‍ട്ടിക്കുള്ളിലെ ഹരികൃഷ്ണന്മാരാണ്”. ഹരികൃഷ്ണന്റെ ഫോണ്‍ കോളുകള്‍ ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ, പാര്‍ട്ടി ഒരു നിഷ്പക്ഷ അന്വേഷണം നടത്തട്ടെ . അപ്പോഴറിയാം കതിരും പതിരും.

നേമം പോലുള്ള വീണ്ടും ജയസാധ്യത ഉള്ള ഒരു നിയോജകമണ്ഡലത്തില്‍ കുമ്മനത്തെ മത്സരിപ്പിക്കണമെന്നുള്ള ആവശ്യവും ഇതോടെ കൂമ്ബടഞ്ഞു എന്ന് കരുതേണ്ടിയിരിക്കുന്നു. ആ സീറ്റ് കണ്ണുവെച്ച യുവനേതാവിന് , തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ തീര്‍ത്താല്‍ തീരാത്ത പകയും കുമ്മനത്തോടുണ്ട്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതി അംഗം എന്ന പദവി കണ്ട് സോഷ്യല്‍ മീഡിയയില്‍ രാജേട്ടന്റെ വിവിധ ഫോട്ടോകളിട്ട് ആഘോഷിച്ചവര്‍ ചിന്തിച്ചില്ല ഈ സാധു മനുഷ്യനോട് ചെയ്ത ചതിയുടെ ഗ്രാവിറ്റി . എന്തിനും ഏതിനും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സ്വന്തം അന്തസ്സായി കാണുന്ന സംഘടനക്കുവേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന പാവം സൈബര്‍ പോരാളികളായ പ്രവര്‍ത്തകരേയും വഞ്ചിച്ചു.

രാജേട്ടനെ കള്ള കേസില്‍ കുടുക്കി നാലാം പ്രതിയാക്കിയപ്പോള്‍ ഈ വിഷയം അന്നത്തെ അന്തിചര്‍ച്ചക്ക് വിഷയമാക്കാന്‍ ഉച്ചയ്ക്ക് നിശ്ചയിച്ച എല്ലാ ചാനലുകളും എന്തുകൊണ്ടാണ് അതില്‍ നിന്നും പിന്മാറിയത്? കാരണം പറയാം. “ഈ വിഷയമാണെങ്കില്‍ ഞങ്ങള്‍ ചര്‍ച്ചക്കില്ലായെന്ന് ഇടതുപക്ഷ ചര്‍ച്ചാ തൊഴിലാളികള്‍ ചാനലുകളെ അറിയിച്ചു”. അവര്‍ക്കും അറിയാമായിരുന്നു. ഇതൊരു ഫാബ്രിക്കേറ്റഡ് കേസ് ആണെന്ന് .ഇത് മാത്രം പോരെ കുമ്മനം എന്ന മഹാമനുഷ്യനെ മനസ്സില്‍ കൊണ്ടുനടക്കാന്‍.

എന്തുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തകര്‍ സംഘടന വിടുന്നു? കാവിപതാക നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നവര്‍, കൊല്ലാന്‍ വാളോങ്ങുന്നവരുടെ കൊടിക്ക് കീഴില്‍ ചേക്കേറുന്നു? എത്രത്തോളം നെഞ്ച് നീറിയിട്ടാവും അവര്‍ സംഘടനയെ ഉപേക്ഷിച്ച്‌ പോകുന്നത് ? സംഘം പരിശോധിക്കണം.
എന്നും സംഘപരിവാര്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്നിട്ടുള്ള കേരളത്തിലെ ഒരു പ്രബല സമുദായത്തെ അവഗണിച്ചു കൊണ്ട് അതേ സമുദായ അംഗമായതിന്റെ പേരില്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വരെ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടവരെ ആര് സമാധാനിപ്പിക്കും ?

ഒരു സമുദായത്തിന് മാത്രം മുന്‍ഗണന കൊടുക്കാമെന്നും അവര്‍ക്ക് മാത്രം ചുമതലകള്‍ കൊടുക്കാമെന്നും ആര്‍ക്ക് മുന്നിലാണ് സംസ്ഥാന നേതൃത്വം സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത് ? അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന കേരളീയ സങ്കല്പത്തിന് എതിരല്ലെ? ശ്രീനാരായണഗുരുദേവന്‍ ഇതൊക്കെ പൊറുക്കുമോ ? രാഷ്ട്രീയ സ്വയം സേവക സംഘം മുന്നോട്ട് വെക്കുന്ന “ഹൈന്ദവ ഏകീകരണം” എന്ന ബേസിക് ഫോര്‍മുല തകര്‍ക്കുന്ന സംസ്ഥാന ദേശീയ നേതാക്കളുടെ ഇത്തരം സംഘടനാ വിരുദ്ധ നിലപാടുകള്‍ക്ക് കൂച്ചുവിലങ്ങിടണ്ടേ ….?

സംസ്ഥാന നേതൃത്വം ആത്മപരിശോധന നടത്തട്ടെ?
മിസോറാമില്‍ ഗവര്‍ണ്ണര്‍ പദവി വഹിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ ശമ്ബളമായി നല്‍കിയ 30 ലക്ഷം രൂപയില്‍ 28 ലക്ഷം രൂപയും വിവിധ ചാരിറ്റി സംഘടനകള്‍ക്കായി വീതിച്ച്‌ നല്‍കിയ ഈ ഋഷിവര്യനെ ആര്‍ക്കാണ് ഭയം ? ആരാണ് ഭയക്കുന്നത് ? ഭയക്കുന്നവര്‍ തന്നെയാണ് ഇദ്ദേഹത്തെ വെട്ടിനിരത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സി.പി.എം. വി.എസ്.അച്യുതാനന്ദനോട് ചെയ്യുന്ന അതേ ക്രൂരത തന്നെയാണ് ഇവിടെ കുമ്മനത്തോടും ചെയ്യുന്നത്.

ഇന്ന് കേരളത്തില്‍ വേരുറപ്പിച്ചിട്ടുള സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ആഴത്തിലുള്ള വേരോട്ടം പരിശോധിച്ചാല്‍ അറിയാം കുമ്മനം രാജശേഖരന്‍ എന്ന എതിരാളികള്‍ പോലും ബഹുമാനിക്കുന്ന രാജേട്ടന്‍ വഹിച്ച പങ്ക്…….

കുമ്മനം രാജേട്ടന്‍ എന്ന മഹാ മനുഷ്യന് ഇതൊക്കെ താങ്ങാനുള്ള ശക്തി ശബരിമല ശ്രീധര്‍മ്മശാസ്താവ് നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു അതോടൊപ്പം അദ്ദേഹത്തിന്റെ കണ്ണുനീര് ഈ ഭൂമിയില്‍ വീഴാതിരിക്കാന്‍ ശ്രമിക്കുക. അങ്ങനെ ഒരു തുള്ളി കണ്ണുനീരെങ്കിലും ഈ ഭൂമിയില്‍ വീണാല്‍ ഈ പ്രസ്ഥാനം വെന്തുവെണ്ണീറായിപ്പോകും. മറക്കരുത്. വിനോദ് പറഞ്ഞു നിറുത്തുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button