സകലസീസണുകളിലും സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് പപ്പായ. വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, എന്നിവയാല്‍ സമ്പന്നമാണ് പപ്പായ. വൈറ്റമിൻ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്. പപ്പായയോടൊപ്പം പപ്പായ ഇലയും കുരുവും പല രാജ്യങ്ങളിലും ഭക്ഷ്യവസ്തുവായി ഉയോഗിക്കുന്നു. അമേരിക്കൻ നാടുകളിലാണ് ഉത്‌ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഇപ്പോള്‍ പപ്പായ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്.
പഴുത്തതും പച്ചയും ആയ പപ്പായ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. രണ്ടിനും അതിന്റേതായ ആരോഗ്യഗുണങ്ങള്‍ ഉണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും. വൈറ്റമിന്‍ സി മാത്രമല്ല എ യും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചർമത്തിനു വളരെ നല്ലതാണ്.
പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കണ്ണിന്റെ കാഴ്ചയ്ക്കും പപ്പായ ഉത്തമം. പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്ളൈസമിക് ഇൻഡക്സ് നില മധ്യമമായിരിക്കും. അതിനാൽ, പ്രമേഹ രോഗികൾക്കു പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്.
Post Your Comments