ചെന്നൈ : തൂത്തുക്കുടി സാത്താന്‍കുളത്ത് പിതാവിനെയും മകനെയും പൊലീസ് രാത്രി 7.45 മുതൽ പുലർച്ചെ മൂന്നുവരെ തുടര്‍ച്ചയായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് സിബിഐ റിപ്പോർട്ട്. പോലിസുകാരോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിപ്പിക്കാനായാണ് മര്‍ദ്ദനമഴിച്ചുവിട്ടതെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ജയരാജ്, മകൻ ബെന്നിക്സ് എന്നിവരെ ജൂൺ 19നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കർഫ്യു ലംഘിച്ച് 15 മിനിറ്റ് അധികം കട തുറന്നുവെന്നാരോപിച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച ഇവരെ ആറ് മണിക്കൂർ ക്രൂരമായി മർദിച്ചു. സ്റ്റേഷനിൽ ചിതറിയ രക്തക്കറ, ബെന്നിക്സിനെക്കൊണ്ട് അയാളുടെ തന്നെ അടിവസ്ത്രം ഉപയോഗിച്ചു തുടപ്പിച്ചു. രക്തം പറ്റിയ വസ്ത്രങ്ങൾ ആശുപത്രിയിലെ ചവറ്റുകുട്ടയിൽ പൊലീസ് ഉപേക്ഷിച്ചു.
ഇരുവർക്കുമെതിരെയുള്ള പൊലീസ് എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും സിബിഐ പറഞ്ഞു. കൊല്ലപ്പെട്ടവർ കർഫ്യു ലംഘനം നടത്തിയിട്ടില്ലെന്നും സിബിഐ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇരുവരും ജൂൺ 22ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് ദേശീയതലത്തിൽ വൻ പ്രതിഷേധം ഉയർന്നു. തുടർന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
Post Your Comments