ഹാർലി-ഡേവിഡ്സണും ഇന്ത്യൻ ഇരുചക്ര വാഹന വ്യവസായത്തിലെ അതികായന്മാരുമായ ഹീറോ മോട്ടോർകോർപ്പും ഒന്നിക്കുന്നു . ഇരു കൂട്ടരും തമ്മിൽ ഒപ്പുവച്ച പുതിയ സഹകരണ കരാർ അനുസരിച്ച് ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ഇനി ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിൽ വിൽക്കും. ഹാർലി ബൈക്കുകളുടെ പാർട്സുകളും, അക്‌സെസ്സറികളും, റൈഡിങ് ഗിയറുകളും വിൽക്കുന്നത് ഇനി ഹീറോ മോട്ടോർകോർപ്പ് ആണ്.
ഹാർലിയുടെ ഇപ്പോഴുള്ള ഡീലർഷിപ്പുകൾ മുഖേനയും ഹീറോ മോട്ടോകോർപ്പിന്റെ ഇപ്പോഴുള്ള തിരഞ്ഞെടുത്ത ഡീലർഷിപ്പുകളും ഹാർലി ബൈക്കുകയും ഉത്പന്നങ്ങളും വിൽക്കാൻ ഉപയോഗപ്പെടുത്തും. അതെ സമയം ഇരു കൂട്ടരും തമ്മിലുള്ള കരാറിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ലൈസൻസിങ് എഗ്രിമെന്റ് ആണ്. ഇതുപ്രകാരം ഹാർലി ഡേവിഡ്സൺ ബ്രാൻഡ് നാമത്തിൽ ഹീറോ മോട്ടോർകോർപ്പിന് പുത്തൻ ബൈക്കുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാം. കൂടുതൽ വിലക്കുറവുള്ള ഹാർലി ബൈക്കുകൾ ഇന്ത്യയിലെത്താൻ ബ്രാൻഡ് ഹീറോയുടെ കൈകളിൽ എത്തുന്നത് സഹായിക്കും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഹാർലി-ഡേവിഡ്സൺ ചെയർമാനും, പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോചെൻ സീറ്റ്സ് രൂപപ്പെടുത്തിയ ‘ദി റീവയർ’ തന്ത്രത്തിന് ഭാഗമായാണ് ഹീറോ മോട്ടോകോർപ്പുമായുള്ള ചങ്ങാത്തം. 2010-ലാണ് ഹാർലി ഡേവിഡ്സൺ ഇന്ത്യയിലെത്തിയത്. പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെന്റിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹാർലിയുടെ വളർച്ച കീഴ്പോട്ടായിരുന്നു. 4.69 ലക്ഷം മുതൽ 50 ലക്ഷം വരെ എക്‌സ്-ഷോറൂം വിലയുള്ള പതിമൂന്നോളം മോഡലുകൾ ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. അതെ സമയം വില്പനയിൽ ഏറിയ പങ്കും ഇന്ത്യയിൽ നിർമ്മിക്കുന്ന വിലക്കുറവുള്ള മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് 750 മോഡലുകൾക്കാണ്.
Post Your Comments