ന്യൂഡല്‍ഹി: കേരളത്തില്‍ സി ബി ഐയെ വിലക്കാന്‍ സി പി എം പോളിറ്റ്ബ്യൂറോ തീരുമാനം. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോളിറ്ര് ബ്യൂറോയുടെ വിലയിരുത്തല്‍. നിയമ പരിശോധനകള്‍ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് ധാരണ. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളും ദേശീയതലത്തില്‍ ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി.
കേരളത്തില്‍ സിബിഐയുടെ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പോളിറ്റ് ബ്യൂറോ. കേന്ദ്ര കമ്മിറ്റിയില്‍ പോലും ഇനിയൊരു വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട നിയമ പരിശോധനകള്‍ സംസ്ഥാനത്ത് നടന്ന് വരികയാണ്.
അതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും.സംസ്ഥാന തലത്തില്‍ ഇതിനായി നിയമപരമായ കൂടിയാലോചനകള്‍ തുടരും. നിലവില്‍ സിപിഎം സംസ്ഥാന നേതൃത്വം ഇത്തരമൊരു നിര്‍ദ്ദേശം നേരത്തെ മുന്നോട്ട് വച്ചിരുന്നു. സിപിഎം ദേശീയ നേതൃത്വം ഇതിന് അനുമതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
കേന്ദ്രകമ്മിറ്റിയില്‍ വിഷയത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സി പി എം മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതിലുള്ള എതിര്‍പ്പ് സി പി എം കേരളഘടകം അവസാനിപ്പിച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സി പി എം പി ബി അനുമതി നല്കി.
Post Your Comments