സോള്‍: പൊടിക്കാറ്റ് കൊറോണ വൈറസ് വാഹകര്‍… ചൈനയില്‍ നിന്നുള്ള ശക്തമായ പൊടിക്കാറ്റ് ‘കൊറോണ വൈറസ് വാഹകരാണെന്നാണ് ഇപ്പോള്‍ ഉത്തരകൊറിയയില്‍ നിന്നും വരുന്ന വാര്‍ത്ത. ഈ ഭയത്തിലാണ് അയല്‍രാജ്യമായ ഉത്തര കൊറിയ.’യെല്ലോ ഡസ്റ്റിനെ’ നേരിടാന്‍ ജനങ്ങള്‍ക്ക് കിം ജോംഗ് ഉന്‍ ഭരണകൂടം കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജനങ്ങള്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും, വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ വര്‍ഷവും ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളില്‍നിന്നു പ്രത്യേക ഋതുക്കളില്‍ വീശിയടിക്കുന്ന മണല്‍ക്കാറ്റാണ് യെല്ലോ ഡസ്റ്റ്.
വ്യാവസായിക മാലിന്യങ്ങളിലേതുള്‍പ്പെടെയുള്ള അന്തരീക്ഷത്തിലെ വിഷവസ്തുക്കളുമായി മണല്‍ത്തരികള്‍ കൂടിക്കലര്‍ന്ന്, കാറ്റ് മഞ്ഞനിറമാകുന്നതിനാലാണു യെല്ലോ ഡസ്റ്റ് എന്നു വിളിക്കുന്നത്. ഈ കാറ്റ് ഏല്‍ക്കുന്നത് ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
‘ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ യെല്ലോ ഡസ്റ്റിനെ കൂടുതല്‍ പേടിക്കണം. കാറ്റ് ഉത്തര കൊറിയയില്‍ കൊവിഡ് പടര്‍ത്തിയേക്കാം.’-രാജ്യത്തിന്റെ ഔദ്യോഗിക മാദ്ധ്യമമായ റോഡോങ് സിന്‍മന്‍ നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. അതേസമയം കാറ്റിലൂടെ ഇത്രയും ദൂരെ വൈറസ് വരുമെന്ന ഉത്തര കൊറിയയുടെ വാദത്തെ ആരോഗ്യ വിദഗ്ദ്ധര്‍ തള്ളുന്നു.
Post Your Comments